കോന്നി : ഗവി മേഖലയിലെ ആദിവാസി കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിച്ചു നൽകുമെന്ന് പട്ടികജാതി- പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി ഒ.ആർ കേളു അറിയിച്ചു. വകുപ്പിന്റെ ടി ആർ ഡി പദ്ധതിയിൽ ഉൾപ്പെടുത്തി മേഖലയിലെ കുടുംബങ്ങളെ സംയോജിപ്പിച്ച് ഒറ്റ യൂണിറ്റ് ആയിട്ടാണ് പ്രവർത്തി നടപ്പിലാക്കുക. കോന്നി നിയോജക മണ്ഡലത്തിലെ ഗവി മേഖലയിൽ സ്വന്തമായി വീടില്ലാത്ത ജനങ്ങൾക്ക് മൂഴിയാറിൽ കെ.എസ് ഇ.ബി ഉടമസ്‌ഥതയിലുള്ള 4 ഏക്കര്‍ ഭൂമി ഗിരി വർഗ്ഗ കുടുംബങ്ങള്‍ക്ക് നല്‍കി അവിടെ വീടുകൾ നിർമ്മിച്ചു നൽകുന്നതിനുള്ള നടപടികള്‍ സംബന്ധിച്ച് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ നിയമ സഭയിൽ ചോദ്യം ഉന്നയിച്ചതിന് മറുപടിയാണ് വകുപ്പ് മന്ത്രി നിയമസഭയിൽ അറിയിച്ചത്.
ഗവി മൂഴിയാർ മേഖലയിലെ മലമ്പണ്ടാര വിഭാഗത്തിൽപ്പെട്ട ആദിവാസി കുടുംബങ്ങൾക്ക് സ്വന്തമായി വീടുകൾ ഇല്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇവർക്ക് സുരക്ഷിതമായ ഇടങ്ങളിൽ വീട് നിർമ്മിക്കുന്നതിനായി വനംവകുപ്പിന്റെ പ്രത്യേക അനുമതിയുടെ കെഎസ്ഇബിയുടെ കൈവശം ഇരിക്കുന്ന ഭൂമി മൂഴിയാറിൽ പട്ടികവർഗ്ഗ വികസന വകുപ്പിന് കൈമാറിയിട്ടുണ്ട്. ഈ ഭൂമിയിലാണ് മേഖലയിലെ ഗിരി വർഗ്ഗ കുടുംബങ്ങൾക്ക് താമസിക്കാനുള്ള വീടുകൾ നിർമ്മിക്കുന്നത്. പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ യ്ക്കൊപ്പം മന്ത്രി ഒ ആർ കേളു മുൻപ് സന്ദർശനം നടത്തിയിരുന്നു.