തിരുവനന്തപുരം: കേരള എൻജിനിയറിങ് പ്രവേശന യോഗ്യതാ പരീക്ഷാ (കീം) ഫലം റദ്ദാക്കിയ വിഷയത്തിൽ കോടതിവിധി ലഭിച്ചതിനുശേഷം മന്ത്രിസഭയിൽ ആലോചിച്ച് ഉചിതമായ തീരുമാനം എടുക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. അതിന് ശേഷം അപ്പീൽ പോകുന്നതിൽ തീരുമാനം എടുക്കും എന്നും മന്ത്രി പറഞ്ഞു. സ്റ്റ്റ്റേറ്റ് സിലബസിലെ കുട്ടികളെ കൂടി പരിഗണിച്ചാണ് ഇത്തരത്തിൽ എല്ലാവർക്കും തുല്യനീതി ലഭ്യമാകുന്ന രീതിയിൽ ഒരു ഫോർമുല തയ്യാറാക്കിയത്. എല്ലാ കുട്ടികൾക്കും നീതി ലഭ്യമാക്കുക എന്നതാണ് ഈ സർക്കാരിന്റെ ലക്ഷ്യം. സർക്കാരിന് വേറെ നിക്ഷിപ്ത താൽപര്യങ്ങളൊന്നുമില്ലെന്നും മന്ത്രി പറഞ്ഞു.
റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കണമെന്ന് ഹൈക്കോടതി അറിയിച്ചു. പരീക്ഷയുടെ പ്രോസ്പെക്ടസ് പുറത്തിറക്കിയശേഷം വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ജസ്റ്റീസ് ഡി കെ സിങ്ങിന്‍റേതാണ് ഉത്തരവ്. എൻജിനിയറിങ് പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷയുടെ റാങ്ക് നിർണയ രീതി സി ബിഎസ്ഇ സിലബസ് വിദാർഥികളെ ദോഷകരമായി ബാധിക്കുന്നതായി ചൂണ്ടിക്കാട്ടുന്ന ഹര്‍ജിയിലാണ് വിധി വന്നിരിക്കുന്നത്. പ്രവേശന നടപടി തുടങ്ങാൻ ഇരിക്കെയാണ് ഇത്തരത്തിലൊരു തിരിച്ചടി. സിബിഎസ്ഇ സിലബസിൽ പ്ലസ്ടു വിജയിച്ച വിദ്യാർഥിനി ഹന ഫാത്തിമയാണ് ഹർജി നൽകിയത്. മാർക്ക് ഏകീകരണത്തിനുള്ള പുതിയ സമവാക്യംമൂലം സിബിഎസ്ഇ വിദ്യാർഥികൾക്ക് മുമ്പ് ഉണ്ടായിരുന്ന വെയിറ്റേജ് നഷ്ടമായെന്ന് ഹർജിയിൽ പറയുന്നു. പരീക്ഷാ പ്രോസ്പെക്ടസിലെ നിർദേശത്തിനുവിരുദ്ധമാണ് പുതിയ സമവാക്യമെന്നും ചൂണ്ടിക്കാട്ടി.