തിരുവനന്തപുരം : മന്ത്രി വി.ശിവൻകുട്ടി ഔദ്യോഗിക വസതിയിലേക്ക് താമസം മാറി. വഴുതക്കാട്ടുള്ള റോസ് ഹൗസ് ആണ് ഔദ്യോഗിക വസതി. സന്ദർശകരെ ഇനി റോസ് ഹൗസിലാകും കാണുകയെന്ന് മന്ത്രി അറിയിച്ചു. റോസ് ഹൗസും തന്റെ ഭാര്യ ആർ.പാർവതിദേവിയും തമ്മിൽ വർഷങ്ങൾക്ക് മുന്നേയുള്ള ബന്ധത്തെക്കുറിച്ചും മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു. പാർവതിദേവിയുടെ വല്യമ്മാവൻ എം.എൻ. ഗോവിന്ദൻ നായർ 1973-ൽ മന്ത്രിയായിരുന്നപ്പോൾ റോസ് ഹൗസിലാണ് താമസിച്ചിരുന്നത്.
അക്കാലത്ത് പാർവതിയും അവിടെ താമസിച്ചിരുന്നു. പി.കെ വാസുദേവൻനായർ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പാർവതിയുടെ പിതാവും കമ്മ്യൂണിസ്റ്റ് നേതാവുമായ പി.ഗോവിന്ദപ്പിള്ളയും റോസ് ഹൗസിൽ താമസിച്ചിട്ടുണ്ട്. പി.ജി യുടെ സഹോദരി ലക്ഷ്മിക്കുട്ടി അമ്മയുടെ ഭർത്താവാണ് പി.കെ.വി പാർവതിയുടെ കുട്ടിക്കാല കഥകളിൽ നിറഞ്ഞുനിന്ന റോസ് ഹൗസിൽ ഇപ്പോൾ തങ്ങളും താമസം തുടങ്ങിയതായും മന്ത്രി കുറിച്ചു.