തിരുവനന്തപുരം: രാത്രികാലങ്ങളിൽ വീടുകളിൽ സംഭരിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബിക്ക് തിരിച്ചുനൽകിയാൽ മികച്ച തുക നൽകുന്നത് സർക്കാർ ആലോചിക്കുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. പുരപ്പുറ സോളാർ പദ്ധതികൾ കൂടുതൽ പ്രോത്സാഹിപ്പിക്കുമെന്നും ഉപഭോക്താക്കളുടെ അവകാശങ്ങളും താൽപ്പര്യങ്ങളും സംരക്ഷിച്ചുകൊണ്ട് മെച്ചപ്പെട്ട സേവനങ്ങൾ നൽകാൻ കെ.എസ്.ഇ.ബി തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരുടെ ബുദ്ധിമുട്ടുകൾ പൂർണ്ണമായി മനസ്സിലാക്കുന്നുണ്ടെന്നും നിലവിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ കഠിനമായ ശ്രമങ്ങൾ നടന്നു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. സോളാർ വൈദ്യുതിയുടെ കാര്യത്തിൽ നിലവിൽ വീടുകളിൽ നേരിട്ട് സ്റ്റോർ ചെയ്യാൻ ആവശ്യമായ സൗകര്യമില്ലാത്തതിനാൽ അതിനായി കമ്മ്യൂണിറ്റി ബാറ്ററി സിസ്റ്റം നടപ്പിലാക്കാൻ ആലോചിക്കുന്നുണ്ട്. കൂടാതെ വീടുകളിൽ സ്വന്തമായി സ്റ്റോറേജ് സൗകര്യം ഏർപ്പെടുത്തുന്നവർക്ക് സബ്സിഡി നൽകുന്ന കാര്യവും പരിഗണനയിലുണ്ട്. പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി കേന്ദ്രമന്ത്രിമാരെ നേരിൽ കണ്ട് രണ്ട് പ്രധാന കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ടെന്നും സണ്ണി ജോസഫ് അറിയിച്ചു.
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വൻതോതിൽ വർധിച്ചിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം കൂടിയത് ഉൾപ്പെടെയുള്ള കാരണങ്ങളാൽ ഉപഭോഗത്തിൽ 1000 മെഗാവാട്ടിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. കൽക്കരി ക്ഷാമവും വൈദ്യുതി പ്രതിസന്ധിക്ക് ആക്കംകൂട്ടിയിട്ടുണ്ട്. ഈ പ്രതിസന്ധി കേരളത്തെ മാത്രമല്ല, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ മുഴുവൻ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ ആവശ്യമായ വൈദ്യുതിയുടെ 25 ശതമാനം മാത്രമാണ് കേരളം സ്വന്തമായി ഉൽപ്പാദിപ്പിക്കുന്നത്. പുതിയ വൈദ്യുതി പദ്ധതികൾ തുടങ്ങാൻ സാധിക്കാത്തതും പ്രതിസന്ധിക്ക് ആഴം കൂട്ടുന്നുണ്ട്. പ്രശ്നം പരിഹരിക്കുന്നതിനായി വിവിധ തലങ്ങളിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.






























