തിരുവനന്തപുരം : മന്ത്രി വിഎൻ വാസവന്റെ പ്രൈവറ്റ് സെക്രട്ടറിയെ തത്സ്ഥാനത്ത് നിന്ന് നീക്കിയതിൽ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്. നടപടി സംഘടനാ ക്രമീകരണമാണെന്നാണ് വിശദീകരണത്തിൽ പറയുന്നത്. കൊല്ലം ജില്ലാ സെക്രട്ടറിയേറ്റിലെ മൂന്ന് പേർക്കെതിരെ അച്ചടക്ക നടപടി എടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ ജോർജ് മാത്യുവിനോട് തിരികെ സംഘടനാ രംഗത്തേക്ക് പോകാൻ ആവശ്യപ്പെട്ടതെന്നും സെക്രട്ടേറിയേറ്റ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നുണ്ട്.
രണ്ട് ദിവസം മുൻപാണ് സംസ്ഥാന സഹകരണ വകുപ്പ് മന്ത്രിയായ വിഎൻ വാസവന്റെ പ്രൈവറ്റ് സെക്രട്ടറി ജോർജ്ജ് മാത്യുവിനെ മാറ്റിയത്. മന്ത്രിയുടെ ആവശ്യ പ്രകാരമാണ് ഇദ്ദേഹത്തെ സിപിഎം ഇടപ്പെട്ട് മാറ്റിയതെന്നായിരുന്നു പുറത്ത് വന്ന വാർത്ത. എന്നാൽ നടപടി സംഘടനാ ചുമതലയുടെ ഭാഗമായാണെന്ന് സിപിഎം നേതാക്കൾ അനൗദ്യോഗികമായി പറഞ്ഞിരുന്നു. ജോർജ്ജ് മാത്യു കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ്. ജോർജ്ജ് മാത്യുവിന്റെ അസാന്നിധ്യത്തിൽ മന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായ മാത്തുക്കുട്ടിക്കാണ് പ്രൈവറ്റ് സെക്രട്ടറിയുടെ ചുമതല നൽകിയത്.