പത്തനംതിട്ട : കാലവര്‍ഷത്തെ നേരിടാന്‍ ജില്ല പൂര്‍ണസജ്ജമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കാലവര്‍ഷത്തിന് മുന്നോടിയായുള്ള തയാറെടുപ്പുകള്‍ കാര്യക്ഷമമായി നടക്കുന്നത് ഉറപ്പാക്കുന്നതിനായി ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയില്‍ പൊതു ജാഗ്രതയുണ്ടാകണം. വേനല്‍ മഴ കൂടുതല്‍ ലഭിച്ചതിനാല്‍ കാലവര്‍ഷത്തില്‍ വെള്ളപൊക്ക സാധ്യത കൂടുതലാണ്. ഇത് മുന്നില്‍ക്കണ്ട് മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കാലവര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് നെല്ല് സംഭരണം പൂര്‍ത്തീകരിക്കണമെന്ന് അഡ്വ. മാത്യു.ടി.തോമസ് എംഎല്‍എ പറഞ്ഞു. ജില്ലയിലെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ വെള്ളം ഒഴുകി പോകാനുള്ള തടസങ്ങള്‍ മാറ്റണം. റെയില്‍വേയുടെ അടിപ്പാതകളിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കണം. അടഞ്ഞുകിടക്കുന്ന ഓടകളില്‍ വെള്ളം ഒഴുകി പോകാന്‍ തടസമായിട്ടുള്ള മാലിന്യം നീക്കം ചെയ്യണമെന്നും എംഎല്‍എ നിര്‍ദേശിച്ചു. മണ്ണിടിച്ചില്‍, ഉരുള്‍ പൊട്ടല്‍ സാധ്യത ഉള്ള സ്ഥലങ്ങളില്‍ പ്രത്യേക ശ്രദ്ധ ഉണ്ടാകണമെന്നും ക്യാമ്പുകള്‍ സജ്ജീകരിക്കാന്‍ സ്‌കൂളുകള്‍ക്ക് പുറമേ മറ്റെതെങ്കിലും സൗകര്യം ലഭ്യമാണോ എന്നു പരിശോധിക്കണമെന്നും അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു.
കഴിഞ്ഞ പ്രളയത്തിന്റെ അനുഭവത്തില്‍ വെള്ളപൊക്ക ഭീഷണി നിലനില്‍ക്കുന്ന ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ മുന്‍കരുതല്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി മറ്റ് ജില്ലാ കളക്ടര്‍മാരുമായി ചര്‍ച്ചനടത്തണം. പൊതുമരാമത്ത് റോഡുകളിലെ ഓടകളിലെ മണ്ണ് മാറ്റി വൃത്തിയാക്കണമെന്നും എംഎല്‍എ നിര്‍ദേശിച്ചു. കാലവര്‍ഷ ദുരന്തത്തെ നേരിടാന്‍ ലോജിസ്റ്റിക്സ് മാനേജ്മെന്റ് മുന്‍കൂട്ടി തയാറാക്കണമെന്നും എംഎല്‍എ പറഞ്ഞു.