കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നു വീണ് ഒരു സ്ത്രീ മരിച്ച സാഹചര്യത്തിൽ പ്രതികരണവുമായി മന്ത്രി വിഎൻ വാസവൻ. പുതിയ കെട്ടിടത്തിൻ്റെ പണി അവസാന ഘട്ടത്തിലാണ്. ഓപറേഷൻ തിയറ്റർ സമുച്ചയം പൂർത്തിയാക്കാൻ ഉണ്ട്. അത് തീർന്ന മുറക്ക് അങ്ങോട്ട് മാറ്റാൻ ആണ് തീരുമാനിച്ചത്. അപകടം സംഭവിച്ച സമുച്ചയത്തിലെ മുഴുവൻ ആളുകളെയും പുതിയ ബ്ലോക്കിലേക്ക് മാറ്റാൻ തീരുമാനിച്ചു. അടച്ച കെട്ടിടം ആണെന്നാണ് ആശുപത്രിക്കാർ ധരിപ്പിച്ചതെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു.
നിർബന്ധപൂർവ്വം ആരെയും ഡിസ്ചാർജ് ചെയ്തത് വിടുന്നില്ലെന്നും അങ്ങിനെ ആരെങ്കിലും പറഞ്ഞാൽ നടപടി ഉണ്ടാകുമെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ജയകുമാർ പറഞ്ഞു. വീഴ്ച പറ്റിയെന്ന് സമ്മതിക്കാതെ ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയെന്നും വീണ ജോര്‍ജ് അറിയിച്ചു. ദൗർഭാഗ്യകരമായ സംഭവമാണ് നടന്നത്. രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച വന്നിട്ടില്ലെന്നും സാധ്യമായതെല്ലാം എത്രയും വേഗം ചെയ്തുവെന്നും മന്ത്രി വ്യക്തമാക്കി.
തകര്‍ന്ന കെട്ടിടം മെഡിക്കല്‍ കോളേജിന്‍റെ പഴയ ബ്ലോക്കാണ്. ജെസിബി അപകട സ്ഥലത്തേക്ക് എത്തിക്കാന്‍ പ്രയാസമുണ്ടായിരുന്നു. ആദ്യം രണ്ട് പേര്‍ക്ക് പരിക്കേറ്റു എന്നായിരുന്നു വിവരം. പിന്നീട് ഒരു സ്ത്രീയെ കാണാനില്ലെന്ന് പരാതി വന്നതിന് പിന്നാലെ ഉടന്‍ തെരച്ചില്‍ തുടങ്ങിയെന്നും മന്ത്രി വ്യക്തമാക്കി. കാലപ്പഴക്കം കൊണ്ട് കെട്ടിടെ ഉപയോഗിക്കാൻ കഴിയില്ലെന്ന് നേരെത്തെ തന്നെ റിപ്പോർട്ട് ഉണ്ടായിരുന്നു. അന്നൊന്നും അതിന് കാര്യമായ ഫണ്ട് വെച്ചിരുന്നില്ല. അടച്ച ബ്ലോക്ക് തന്നെയായിരുന്നു തകര്‍ന്നത്. ഏത് സാഹചര്യത്തിൽ ആണ് ഈ കെട്ടിടം ഉപയോഗിക്കാൻ തുടങ്ങിയതെന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.