കളമശേരി: മയക്കുമരുന്ന് ഉപയോഗം വീട്ടുകാരെ അറിയിച്ചതിന് പതിനേഴുകാരനെ ക്രൂരമായി മര്‍ദിച്ച സംഘത്തിലെ ഒരു കുട്ടി ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണവുമായി മരിച്ച കുട്ടിയുടെ ബന്ധുക്കള്‍.പോലീസ് മര്‍ദിച്ചതിലെ മനോവിഷമം മൂലമാണ് കുട്ടി ജീവനൊടുക്കിയത്. കൗണ്‍സിലിംഗിനായി സമീപിച്ചപ്പോള്‍ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ ഒഴിഞ്ഞുമാറിയെന്നും കുട്ടിയുടെ കുടുംബം ആരോപിക്കുന്നു.
കളമശേരി ഗ്ലാസ് കോളനിയിലാണ് 17 വയസുകാരനു മര്‍ദനമേറ്റത്. കേസില്‍ പ്രതിയായ കളമശേരി ഗ്ലാസ് കോളനി കാട്ടുപറമ്പില്‍ നിഖില്‍ പോള്‍ (17) ആണ് തൂങ്ങി മരിച്ചത്. ജീവനൊടുക്കാനുള്ള ശ്രമം ശ്രദ്ധയില്‍പെട്ട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ശിശുക്ഷേമ സമിതി തിങ്കളാഴ്ച മൊഴിയെടുക്കാനിരിക്കെയാണ് നിഖില്‍ തൂങ്ങിമരിച്ചത്.
17-കാരനെ മര്‍ദിക്കുന്നതിന്റെ ഒരു മണിക്കൂറോളം നീളുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണു ക്രൂരമര്‍ദന സംഭവം പുറത്തറിഞ്ഞത്. കേസിലെ പ്രതികളില്‍ ആറുപേരും പ്രായപൂര്‍ത്തിയാകാത്തവരാണ്. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും മാതാപിതാക്കളെ വിളിച്ചു വരുത്തി കൈമാറുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ബാലനെ എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ആശുപത്രി വിട്ടെങ്കിലും എഴുന്നേറ്റു നടക്കാന്‍ പോലും സാധിക്കാത്ത സ്ഥിതിയിലാണ്. ജുവനൈല്‍ ജസ്റ്റീസ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.