ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന കുട്ടി മരിച്ചത് കുത്തിവെപ്പ് മൂലമാണെന്ന ബന്ധുക്കളുടെ പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി. കുട്ടിയുടെ പിതാവ് ആലപ്പുഴ മാരാരിക്കുളം പോലീസ് സ്റ്റേഷനിലാണ് പരാതി നല്കി. സംഭവം നടന്നത് കോട്ടയം ഗാന്ധിനഗര്‍ സ്റ്റേഷന് പരിധിയില്‍ ആയതിനാല്‍ പരാതി ഗാന്ധിനഗര്‍ സ്റ്റേഷന് കൈമാറുകയായിരുന്നു. ബുധനാഴ്ച അര്‍ധരാത്രിക്ക് ശേഷമായിരുന്നു സംഭവം.
ചേര്‍ത്തല മാരാരിക്കുളം പുത്തന്‍കുളങ്ങര സുരേഷിന്റെ മകന് അര്‍ണവാണ് (മൂന്ന്) മരിച്ചത്. കടുത്ത പനിയും ഛര്‍ദിയും ബാധിച്ച് മറ്റൊരു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ബുധനാഴ്ച രാവിലെ 11.30ന് കുട്ടികളുടെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പ്രാഥമികചികിത്സക്ക് കോവിഡ് നിരീക്ഷണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചതിനുശേഷം പ്രഥമചികിത്സ നല്കി.
സന്ധ്യയോടെ ആരോഗ്യനില മോശമാകുകയും തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പിന്നീട് വീണ്ടും ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച പുലര്‍ച്ച 1.30ന് കുട്ടി മരിച്ചു. ഇതിനിടയില്‍ കുട്ടിയുടെ ചികിത്സരേഖ (കേസ് ഷീറ്റ്) കാണാതാകുകയും ചെയ്തിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ നഴ്സ് കുത്തിവെപ്പ് നടത്തിയതുമൂലമാണ് മരണം സംഭവിച്ചതെന്നാരോപിച്ച് കുട്ടിയുടെ മാതാവ് നഴ്സിനെ മര്‍ദിക്കുകയും ബന്ധുക്കള്‍ ബഹളം വെക്കുകയും ചെയ്തിരുന്നു. ആശുപത്രി അധികൃതര്‍ മാതാവിനെതിരെ പോലീസില്‍ പരാതി നല്കി.
അതിനിടെ, കടുത്ത ന്യുമോണിയയും അണുബാധയുമാണ് മരണകാരണമെന്ന് പോസ്റ്റ്മോര്ട്ടത്തിലെ പ്രാഥമിക വിവരമെന്ന് ഫോറന്‍സിക് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇരുകൂട്ടരുടെയും പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഗാന്ധിനഗര്‍ എസ്.എച്ച്.ഒ പറഞ്ഞു.