കൊച്ചി : സ്വകാര്യ ആശുപത്രിയുടെ ശുചിമുറിയില്‍ പതിനേഴുകാരി മാസം തികയാതെ പ്രസവിച്ച സംഭവത്തില്‍ സംസ്ഥാന ബാലവകാശ സംരക്ഷണ കമീഷന്‍ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ചെയര്‍മാന്‍ കെ.വി.മനോജ് കുമാര്‍ സ്വമേധയാണ് കേസെടുത്തത്. എറണാകുളം ജില്ലാ ബാല സംരക്ഷണ ഓഫീസര്‍, സൗത്ത് പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍, ജില്ലാ പോലീസ് മേധാവി എന്നിവരോട് സെപ്തംബര്‍ 22 നകം റിപ്പോര്‍ട്ട് നല്‍കാനും കമീഷന്‍ നിര്‍ദ്ദേശം നല്‍കി.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ രാവിലെയായിരുന്നു 6 മാസം പ്രായമായ ഗര്‍ഭസ്ഥ ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. ആശുപത്രിയിലെ ശുചീകരണ തൊഴിലാളികളാണ് ശുചി മുറിയില്‍ മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് രാവിലെ ആശുപത്രിയില്‍ ചികിത്സക്കെത്തിയ 17വയസ്സുകാരിയുടെ കുഞ്ഞാണിതെന്ന് കണ്ടെത്തിയത്.
വയറുവേദനയ്ക്ക് ഡോക്ടറെ കാണുന്നതിനാണ് 17വയസ്സുകാരിയും അമ്മയും ആശുപത്രിയിലെത്തിയത്. ആറ് മാസം ഗര്‍ഭിണിയായിരുന്നു പെണ്‍കുട്ടി. വിവരമറിഞ്ഞെത്തിയ പൊലീസ് തുടര്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ പ്രാഥമിക മൊഴിയെടുത്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുവാവിനെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്.
17 വയസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ വയനാട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ അകന്ന ബന്ധുവും ഡിഗ്രി വിദ്യാര്‍ത്ഥിയായ ഇരുപത് വയസ്സുകാരനെയാണ് കൊച്ചി പൊലീസ് പോക്സോ കേസില്‍ അറസ്റ്റ് ചെയ്തത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വയനാട് മാനന്തവാടി സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തത്.