നാഗ്പൂര്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലോഡ്ജിലെത്തിച്ച് ബലാത്സംഗം ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പൂര്‍ ജില്ലയിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ 21 കാരനെ അറസ്റ്റ് ചെയ്തത്. നാഗ്പൂരിലെ രാംടെക് പട്ടണത്തിനടുത്തുള്ള ഗ്രാമവാസിയായ യുവാവാണ് പിടിയിലായത്.
കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. ബുധനാഴ്ച, വൈകുന്നേരത്തോടെ പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും കാണാതായിരുന്നു. സമീപപ്രദേശങ്ങളില്‍ തെരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനാകാതായതോടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് തട്ടിക്കൊണ്ടുപോകലിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പോലീസ് അന്വേഷണം നടക്കുന്നതിനിടെ വ്യാഴാഴ്ച വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി രക്ഷിതാക്കളോട് വിവരം പറഞ്ഞു. യുവാവ്, തന്നെ ലോഡ്ജിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിക്കെതിരെ പോക്‌സോ വകുപ്പുള്‍പ്പടെ ചുമത്തി കേസെടുത്തതായി പോലീസ് അറിയിച്ചു.