തിരുവനന്തപുരം: ആലത്തൂർ പോലീസ് സ്റ്റേഷനിൽ അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ എസ് ഐയെ ശിക്ഷിച്ച് ഹൈക്കോടതി. ആരോപണ വിധേയനായ എസ് ഐ റിനീഷിനെ രണ്ടു മാസത്തെ തടവിനാണ് ജസ്റ്റിസ് ദേവരാമചന്ദ്രൻ ശിക്ഷ വിധിച്ചിരിക്കുന്നത്. എസ് ഐ തൽക്കാലം ജയിലിൽ പോകേണ്ടി വരില്ല. ഒരു വർഷത്തേക്ക് സമാന കുറ്റകൃത്യത്തിൽ ഏർപ്പെടരുതെന്ന് എസ് ഐയ്ക്ക് കോടതി നിർദ്ദേശം നൽകി. സംഭവത്തിൽ നേരത്തെ എസ് ഐ ഹൈക്കോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞിരുന്നു. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചിന് മുമ്പാകെയായിരുന്നു മാപ്പ് പറഞ്ഞത്. ഇത് കോടതി അംഗീകരിക്കുകയുണ്ടായി.
അഭിഭാഷകനായ അക്വിബ് സുഹൈൽ നൽകിയ കോടതിയലക്ഷ്യ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ നടപടി. വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ വാഹനം വിട്ടുനൽകാനുള്ള കോടതി ഉത്തരവുമായി എത്തിയ അഭിഭാഷകനോട് എസ് ഐ റിനീഷ് അപമര്യാദയായി പെരുമാറുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമത്തിലൂടെ പുറത്തുവന്നിരുന്നു. തുടർന്നാണ് സംഭവത്തിൽ കോടതി ഇടപ്പെട്ടത്. ജനങ്ങളോട് മോശമായി പെരുമാറരുതെന്ന് വ്യക്തമാക്കി കോടതി നിർദേശപ്രകാരം പുറത്തിറക്കിയ മാർഗരേഖയ്ക്ക് വിരുദ്ധമാണ് പോലീസ് ഉദ്യോഗസ്ഥന്റെ നടപടി എന്നു വ്യക്തമാക്കി ഇയാൾക്കെതിരെ കോടതിയലക്ഷ്യ കേസും എടുത്തിരുന്നു.