ന്യൂഡല്‍ഹി : കോൺഗ്രസ് രാജ്യസഭാ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ കടുത്ത അതൃപ്തി രേഖപ്പെടുത്തി മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറിയും നടിയുമായ നഗ്മ. കോൺഗ്രസിൽ ചേർന്നപ്പോൾ സീറ്റ് വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നിട്ടിപ്പോൾ തനിക്കെന്തുകൊണ്ടാണ് അർഹതയില്ലാത്തതെന്നും നഗ്മ പ്രതികരിച്ചു. മഹാരാഷ്‌ട്രയിലെ എംപി സ്ഥാനത്തേക്ക് ഉത്തർപ്രദേശിലെ ഇമ്രാൻ പ്രാപ്തഗിരിയെ തെരഞ്ഞെടുത്തതോടെ 18 വർഷത്തെ തന്റെ തപസ്യയാണ് ഇല്ലാതായതെന്ന് നഗ്മ പറഞ്ഞു. രാജ്യസഭ സീറ്റ് കിട്ടാത്തതിൽ മുതിർന്ന കോൺഗ്രസ് നേതാവ് പവൻ ഖേരയും പ്രതിഷേധം അറിയിച്ചിരുന്നു.
‘2003-04 വർഷത്തിൽ ഞാൻ കോൺഗ്രസിൽ ചേർന്നപ്പോൾ എനിക്ക് സോണിയാ ഗാന്ധി നേരിട്ട് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തതാണ്. അധികാരത്തിലില്ലാത്ത വർഷങ്ങളുൾപ്പടെ, ഇപ്പോൾ 18 വർഷമായി. എനിക്കെന്തുകൊണ്ട് രാജ്യസഭാ സീറ്റിന് അവകാശമില്ല?’- നഗ്മ ട്വീറ്റിൽ ചോദിക്കുന്നു. ജൂൺ 10 ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെ കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്. പത്ത് പേരുടെ പട്ടികയിൽ നിന്നും നഗ്മയെ ഒഴിവാക്കിയിരുന്നു.
ജമ്മുകശ്മീർ, ലഡാക്ക്, പുതുച്ചേരി എന്നിവിടങ്ങളിൽ ചുമതലയുള്ള മഹിളാ കോൺഗ്രസ് സെക്രട്ടറിയാണ് നഗ്മ. മുംബൈയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വൈസ് പ്രസിഡന്റ് കൂടിയാണ് അവർ. 2004-ലാണ് കോൺഗ്രസിൽ ചേർന്നത്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ വിശദാശങ്ങൾ കോൺഗ്രസ് വക്താവ് ട്വിറ്ററിൽ പങ്കുവെച്ചതിന പിന്നാലെയായിരുന്നു നഗ്മയുടെ പ്രതികരണം.