പത്തനംതിട്ട : പെരിനാട് നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി. വിദ്യാര്‍ത്ഥികള്‍ സ്വമേധയാ തിരിച്ചെത്തുകയായിരുന്നു, പത്തനംതിട്ടയിലെത്തിയ വിദ്യാര്‍ത്ഥികളില്‍ നിന്നും പോലീസ് ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ശേഖരിച്ചു കൊണ്ടിരിക്കുന്നു. ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു എന്നാണ് ഇവരില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. ഇവരുടെ കൂടെ മറ്റു മുതിര്‍ന്ന ആരെങ്കിലും ഉണ്ടായിരുന്നോ എന്നും അന്വേഷണം നടത്തുന്നു. പെരുനാട് മാടമണ്‍ സ്വദേശി ഷാരോണ്‍, മലയാലപ്പുഴ സ്വദേശി ശ്രീശാന്ത് എന്നിവരെയാണ് ശനിയാഴ്ച വൈകിട്ട് മുതല്‍ കാണാതായത്.
ശ്രീശാന്ത് പ്ലസ് വണിനും ഷാരോണ്‍ ഒമ്പതാം ക്ലാസിലുമാണ് പഠിക്കുന്നത്. മറ്റൊരു സുഹൃത്തിനെയും കൂട്ടി അത്തിക്കയത്തുള്ള ഒരു കൂട്ടുകാരന്റെ വീട്ടില്‍ ഇരുവരും ചെന്നിരുന്നു. വൈകിട്ട് ആറു മണിയോടെ മുന്നു പേരും അവിടെ നിന്ന് ഇറങ്ങി. മൂന്നാമന്‍ സ്വന്തം വീട്ടിലേക്ക് പോയി. എന്നാല്‍, ഷാരോണും ശ്രീകാന്തും തിരിച്ച് സ്വന്തം വീടുകളില്‍ പോയില്ല.
മൈലപ്രയിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് ഷാരോണ്‍ പഠിക്കുന്നത്. പത്തനംതിട്ട സ്‌റ്റേഷന്‍ പരിധിയിലുള്ള പുത്തന്‍പീടികയിലെ ബന്ധുവീട്ടില്‍ നിന്നും ശനിയാഴ്ച രാവിലെ സ്‌കുളില്‍ പോകുന്നുവെന്ന് പറഞ്ഞാണ് ഇറങ്ങിയത്. അപ്പൂപ്പനൊപ്പമാണ് ഷാരോണ്‍ താമസിക്കുന്നത്. അവിടെ നിന്ന് മൈലപ്ര സ്‌കൂളില്‍ വന്നുപോകുന്നത് ബുദ്ധിമുട്ടായതു കൊണ്ടാണ് പുത്തന്‍ പീടികയിലെ ബന്ധു വിട്ടില്‍ താമസിക്കുന്നത്. രാത്രിയായിട്ടും രണ്ടു വീടുകളിലും ചെല്ലാതെ വന്നപ്പോഴാണ് പോലീസില്‍ പരാതി നല്‍കിയത്. കുട്ടികളുടെ കൈവശം മൊബൈല്‍ ഫോണുണ്ടായിരുന്നു. എന്നാല്‍, ഇത് ഓഫ് ചെയ്തിരിക്കുന്നതാണ് അന്വേഷണം തടസപ്പെടാന്‍ കാരണം.