തലശ്ശേരി: തിങ്കളാഴ്ച രാവിലെ അപ്രത്യക്ഷനായ തലശ്ശേരി പോലീസ് സ്റ്റേഷനിലെ ജൂനിയർ എസ്.ഐ കോളയാട് പുന്നപ്പാറയിലെ കടൽക്കണ്ടം വീട്ടിൽ സി.പി. ലിനേഷിനെ (36) മാംഗളൂരുവിൽ കണ്ടെത്തി. വ്യാഴാഴ്ച രാവിലെയാണ് ഇദ്ദേഹം മംഗളൂരുവിലുണ്ടെന്ന വിവരം പോലീസിന് ലഭിച്ചത്. കഴിഞ്ഞ ദിവസംവരെ സ്വിച്ച് ഓഫായിരുന്ന ഇദ്ദേഹത്തിന്റെ ഫോൺ വ്യാഴാഴ്ച രാവിലെ പ്രവർത്തനക്ഷമമായതോടെയാണ് മംഗളൂരുവിലുണ്ടെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് തലശ്ശേരി സി.ഐ എം. അനിലിന്റെ നേതൃത്വത്തിൽ പോലീസ് മംഗളൂരുവിലെത്തി ഇദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വെള്ളിയാഴ്ച തലശ്ശേരി കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് ഇദ്ദേഹം തലശ്ശേരിയിൽനിന്ന് അപ്രത്യക്ഷനായത്. ചൊവ്വാഴ്ച വൈകീട്ട് ആറിന് ബംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷനിൽ എത്തിയതായും റെയിൽവേ സ്റ്റേഷന് സമീപത്തെ പഞ്ചാബ് നാഷനൽ ബാങ്കിന്റെ എ.ടി.എം കൗണ്ടറിൽനിന്ന് പണം പിൻവലിക്കുന്നതും സി.സി.ടി.വി ദൃശ്യത്തിലൂടെ പോലീസ് കണ്ടെത്തിയിരുന്നു. ഈ സമയം ഇദ്ദേഹത്തിന്റെ ഫോൺ സ്വിച്ച് ഓഫായിരുന്നു. തലശ്ശേരിയിൽ നിന്നെത്തിയ പോലീസ് സംഘവും ഇരിട്ടി ഫയർഫോഴ്സിൽ ജോലിയുള്ള സഹോദരൻ സി.പി. വിജേഷും ലിനേഷിനെ കണ്ടെത്താൻ ബാംഗളൂരുവിൽ തിരച്ചിൽ നടത്തിയിരുന്നു.
നാലു മാസം മുമ്പാണ് ലിനേഷ് തലശ്ശേരി പോലീസ് സ്റ്റേഷനിൽ ജോലിക്കെത്തിയത്. മറ്റൊരു എസ്.ഐക്കൊപ്പം പാലിശ്ശേരിയിലെ പോലീസ് ക്വാർട്ടേഴ്സിലാണ് താമസം. ഇവിടെനിന്നാണ് ഇദ്ദേഹം അപ്രത്യക്ഷനാവുന്നത്. തിങ്കളാഴ്ച സ്റ്റേഷനിൽ ഡ്യൂട്ടിക്കെത്തിയിരുന്നില്ല. ഇതേതുടർന്ന് പോലീസുകാർ അന്വേഷിച്ച് ക്വാർട്ടേഴ്സിലെത്തിയപ്പോൾ മുറി അടച്ചനിലയിൽ കാണപ്പെട്ടു. തുടർന്നുള്ള അന്വേഷണത്തിൽ കോളയാട്ടെ വീട്ടിലും എത്തിയിരുന്നില്ല. എൽ.എൽ.ബിക്ക് പഠിക്കുന്ന ഭാര്യ പാനൂർ തൃപ്പങ്ങോട്ടൂർ വാഴമല നരിക്കോട്ടുമല സ്വദേശിനി മീട്ടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.ജൂനിയർ എസ്.ഐയായി ചുമതലയേറ്റത് മുതൽ ജോലിഭാരം കൂടുതലാണെന്നും മാനസിക സംഘർഷം നേരിടുന്നെന്നും ബന്ധുക്കളായ ചിലരോട് ലിനേഷ് സൂചിപ്പിച്ചിരുന്നതായി പറയപ്പെടുന്നു.