ഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം (പി.എം.എല്‍.എ.) ദുരുപയോഗം ചെയ്താല്‍ രാജ്യത്തിനാണ് നഷ്ടമെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) അത് പേരുദോഷമുണ്ടാക്കുമെന്നും സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഉജ്ജല്‍ ഭുയാന്‍. നിയമത്തിന്റെ അന്തസ്സത്ത ഉള്‍ക്കൊണ്ട് നീതിയുക്തമായിവേണം അത് ഉപയോഗിക്കാനെന്നും അദ്ദേഹം പറയുന്നു. കുറ്റകൃത്യത്തിലൂടെയുണ്ടാകുന്ന പണം തടയാന്‍ ശേഷിയുള്ള ആയുധമാണ് പി.എം.എല്‍.എ. കള്ളപ്പണത്തോട് പൊരുതേണ്ടത് അത്യാവശ്യവുമാണ്. എന്നാല്‍, അതിന്റെ അമിതോപയോഗവും ദുരുപയോഗവും ഗുണകരമല്ല. അങ്ങനെ വന്നാല്‍ ഇ.ഡി.യെക്കുറിച്ചും മോശം തോന്നലുകളുണ്ടാക്കും. മാത്രമല്ല, രാജ്യത്തിനത് ദോഷമുണ്ടാക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.പി.എം.എല്‍.എ.
നിയമത്തെക്കുറിച്ച് അഡ്വ. അഖിലേഷ് ദുബെ എഴുതിയ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ കഴിഞ്ഞദിവസം സംസാരിക്കവേയാണ് ജസ്റ്റിസ് ഭുയാന്‍ തന്റെ ആശങ്കകള്‍ പങ്കുവെച്ചത്. പി.എം.എല്‍.എ.യുടെ കര്‍ശനനടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടിട്ടുണ്ടോയെന്ന് കോടതികള്‍ സൂക്ഷ്മമായി പരിശോധിക്കാറുണ്ട്. കുറ്റംചെയ്യാത്ത ഒരാള്‍ക്കുപോലും അനീതി സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കാനാണിതെന്നും ജസ്റ്റിസ് ഭുയാന്‍ പറഞ്ഞു. ഇ.ഡി. ഉള്‍പ്പെടെയുള്ള ഏജന്‍സികളെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ വേട്ടയാടുന്നെന്ന് പ്രതിപക്ഷനേതാക്കള്‍ ആരോപിക്കുന്നതിനിടെയാണ് ജസ്റ്റിസ് ഭുയാന്റെ പരാമര്‍ശമെന്നത് വളരെ ശ്രദ്ധേയമാണ്.