ദുബായ് : ഹോർമുസ് കടലിടുക്കിൽ യുഎഇയുടെ എണ്ണ ടാങ്കറിനു നേരെ മിസൈൽ ആക്രമണം. അബുദാബി നാഷനൽ ഓയിൽ കമ്പനിയുടെ (അഡ്നോക്) എണ്ണക്കപ്പലാണ് ഇന്നലെ പുലർച്ചെ ആക്രമിക്കപ്പെട്ടത്. ആർക്കും പരുക്കില്ല. യുദ്ധം ആരംഭിച്ച ശേഷം ഇന്നലെ വരെ അഡ്നോക്കിന്റെ 16 എണ്ണ ടാങ്കറുകൾ ആക്രമിക്കപ്പെട്ടു. ഇതുവരെയുണ്ടായ ആക്രമണങ്ങളിൽ ആകെ 20 പേർക്കു പരുക്കേൽക്കുകയും ഒരാൾക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തതായി അഡ്നോക് അറിയിച്ചു. യുഎഇയുടെ കപ്പൽ ആക്രമിച്ചതിനെ ഗൾഫ് സഹകരണ കൗൺസിലും യുഎഇയും സൗദിയും അപലപിച്ചു.
ഹോർമുസ് കടലിടുക്കിനെ സമ്മർദത്തിനും വിലപേശലിനുമായി ഇറാൻ ഉപയോഗിക്കുകയാണെന്നും കടൽക്കൊള്ളയാണിതെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. രാജ്യാന്തര ഇന്ധന വിതരണ ശൃംഖലയെ തകർക്കുന്നതാണ് ഇറാന്റെ ആക്രമണമെന്നു സൗദി കുറ്റപ്പെടുത്തി. രാജ്യാന്തര കപ്പൽ പാത മറ്റുള്ളവരെ ഭീഷണിപ്പെടുത്താനുള്ള ഉപകരണമാക്കുന്ന നടപടിക്കെതിരെ രാജ്യാന്തര സമൂഹം പ്രതികരിക്കണമെന്നു ജിസിസി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദെയ്‌വി പറഞ്ഞു. ഹോർമുസ് കടലിടുക്കിൽ പുതിയ കപ്പൽ പാത യാഥാർഥ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ഒമാനുമായി നടക്കുന്ന ചർച്ചകൾ കരാറിലേക്ക് എത്തുന്നതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചി പറഞ്ഞു.
പഴയ ഹോർമുസ് പാതയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ടെഹ്റാൻ ഇപ്പോൾ ചർച്ച ചെയ്യുന്നില്ലെന്നും ഒരു താൽക്കാലിക കപ്പൽ പാതയെക്കുറിച്ചാണ് ചർച്ചയെന്നും അദ്ദേഹം പറഞ്ഞു. യുഎസ് ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങൾക്കുള്ള നഷ്ടപരിഹാരം അടക്കം തീരുമാനിച്ച ശേഷമേ ഹോർമുസ് തുറക്കു എന്നും അറഗ്ചി പറഞ്ഞു. കരാർ യാഥാർഥ്യമായാൽ ഇറാൻ തുറമുഖങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള ഉപരോധം നീക്കുമെന്ന് യുഎസ് വ്യക്തമാക്കി. ഹോർമൂസ് വഴി ഇറാഖിന്റെ എണ്ണ കപ്പലുകൾ കടത്തിവിടുന്ന കാര്യത്തിൽ ഇറാനുമായി ചർച്ച തുടരുകയാണെന്ന് ഇറാഖ് എണ്ണ വകുപ്പ് മന്ത്രി ബാസിം മുഹമ്മദ് പറഞ്ഞു. എന്നാൽ, ചർച്ചയുടെ വിശദാംശങ്ങൾ പുറത്തു വിട്ടിട്ടില്ല.
അതിനിടെ, ഇറാഖ് പ്രധാനമന്ത്രിയെ സൗദി ചർച്ചയ്ക്ക് ക്ഷണിച്ചു. സൗദി ഇന്റലിജൻസ് മേധാവി ഖാലിദ് ബിൻ അലി അൽ ഹുമെയ്ദാൻ, ഇറാഖ് പ്രധാനമന്ത്രി അലി അൽ സെയ്ദിയെ നേരിൽ കണ്ടാണ് ക്ഷണിച്ചത്. കഴിഞ്ഞ മാസം സൗദി – യുഎസ് സഖ്യസേന ഇറാഖിൽ കടന്ന് ആക്രമണം നടത്തിയതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു.































