ചെന്നൈ: ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മം സംബന്ധിച്ച പരാമര്‍ശത്തില്‍ പ്രതികരിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ഉദയനിധി എന്താണ് പറഞ്ഞതെന്ന് മനസിലാക്കാതെ പ്രധാനമന്ത്രി പ്രതികരിച്ചത് ശരിയായില്ലെന്ന് സ്റ്റാലിന്‍ പറഞ്ഞു. മന്ത്രിമാരുടെ യോഗത്തില്‍ ഉദയനിധിക്ക് തക്കതായ മറുപടി നല്‍കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചുവെന്നാണ് ദേശീയ മാധ്യമങ്ങളില്‍ നിന്നും മനസിലാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളും അവകാശവാദങ്ങളും ശരിയാണോയെന്ന് പരിശോധിക്കാനുള്ള എല്ലാ സംവിധാനവും പ്രധാനമന്ത്രിക്കുണ്ട്. ഉദയനിധിക്കെതിരായ നുണകള്‍ അറിയാതെയാണോ പ്രധാനമന്ത്രി സംസാരിക്കുന്നത്. അതോ അറിഞ്ഞുകൊണ്ട് അദ്ദേഹം അങ്ങനെ പ്രതികരിക്കുകയാണോ ചെയ്യുന്നതെന്നും സ്റ്റാലിന്‍ ചോദിച്ചു.
സനാതന ധര്‍മത്തെ സംബന്ധിച്ച് സ്വന്തം അഭിപ്രായം പറയുകയാണ് ഉദയനിധി സ്റ്റാലിന്‍ ചെയ്തത്. പട്ടികജാതി വിഭാഗങ്ങള്‍, ഗോത്രവര്‍ഗ വിഭാഗങ്ങള്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് നേരെ വിവേചനം സൃഷ്ടിക്കുന്നതാണ് സനാതന ധര്‍മമെന്നാണ് ഉദയനിധി വ്യക്തമാക്കിയത്. അടിച്ചമര്‍ത്തുന്ന പ്രത്യയശാസ്ത്രത്തിനെതിരായ ഉദയനിധി സ്റ്റാലിന്റെ നിലപാട് ഉള്‍ക്കൊള്ളാന്‍ ബി.ജെ.പിക്ക് സാധിച്ചിട്ടില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു. എന്നാല്‍, ഉദയനിധിയുടെ പ്രസ്താവന ദുര്‍വ്യാഖ്യാനം ചെയ്ത് അദ്ദേഹം വംശഹത്യക്ക് ആഹ്വാനം ചെയ്തുവെന്നാണ് ബി.ജെ.പി പ്രചരിപ്പിക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് സമാനമായാണ് ഇവിടെ നുണ പ്രചരിപ്പിക്കുന്നത്. വംശഹത്യ എന്ന വാക്ക് ഉദയനിധി എവിടെയും ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.