മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയ അട്ടിമറിയില്‍ ശരദ് പവാറിന് പിന്തുണ അറിയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ശരദ് പവാറുമായി സ്റ്റാലിന്‍ ഫോണില്‍ സംസാരിച്ചു. മഹാരാഷ്ട്രയിലെ അപ്രതീക്ഷിത രാഷ്ട്രീയ അട്ടിമറിയിലൂടെ എന്‍ സി പി പിളര്‍ത്തി അജിത് പവാറും സംഘവും എന്‍ ഡി എ ക്യാംപിലെത്തിയതിന്റെ ഞെട്ടലിലാണ് പ്രതിപക്ഷം. അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് പ്രതിപക്ഷത്തെ നേതാക്കളും രംഗത്തെത്തി. അതിനിടയിലാണ് ശിവസേന നേതാവ് സഞ്ജയ് റാവത്ത് എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാറുമായി സംസാരിച്ചതിന്റെ വിവരങ്ങള്‍ പങ്കുവച്ച് രംഗത്തെത്തിയത്. ശരത് പവാറുമായി സംസാരിച്ചതായി സഞ്ജയ് റാവത്ത് വ്യക്തമാക്കി.
അതേസമയം അജിത് പവാറിന്റെ കൂറുമാറ്റത്തില്‍ പ്രതികരണവുമായി നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാര്‍ രംഗത്തെത്തി. തിങ്കളാഴ്ച്ച മഹാരാഷ്ട്രയിലെ സതാരയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഞായറാഴ്ച്ചയാണ് അജിത് പവാര്‍ പാര്‍ട്ടിക്കെതിരെ തിരിഞ്ഞ് ബിജെപി -ഏകനാഥ് ഷിന്‍ഡെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാരില്‍ ചേര്‍ന്നത്. മറ്റ് പാര്‍ട്ടികളെ തകര്‍ക്കാനുള്ള ബിജെപിയുടെ തന്ത്രങ്ങളില്‍ ചിലര്‍ വീണുപോയി എന്നാണ് എട്ട് എംഎല്‍എമാര്‍ക്കൊപ്പം അജിത് പവാര്‍ പാര്‍ട്ടിയില്‍ നിന്ന് പോയതിനെക്കുറിച്ച് പവാര്‍ പ്രസംഗത്തില്‍ പറഞ്ഞത്. കഴിഞ്ഞ വര്‍ഷം മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സര്‍ക്കാരിനെ വിമത ശിവസേന എംഎല്‍എമാര്‍ അട്ടിമറിച്ചതിനെ കുറിച്ചും പവാര്‍ സംസാരിച്ചു.