റാന്നി : പരിസ്ഥിതിലോല വിഷയത്തിൽ സുപ്രീംകോടതി വിധിയെ തുടർന്ന് പ്രതിസന്ധിയിലായ റാന്നിയിലെ മലയോര മേഖലയിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും നിയമനിർമാണത്തിന് കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തണമെന്നും അഭ്യർത്ഥിച്ച് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകി.
സുപ്രീംകോടതി വിധിയെ തുടർന്നുണ്ടാക്കുന്ന സാഹചര്യം സംബന്ധിച്ച് നിയമ വിദഗ്ധരുമായി ആലോചിച്ച് അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനെ പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുള്ളതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
മലയോരമേഖലയിലെ ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും പരിസ്ഥിതിലോല മേഖലയിൽ നിന്നും ഒഴിവാക്കുന്നതിന് കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്താൻ സംസ്ഥാന സർക്കാർ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്. ദേശീയ ഉദ്യാനങ്ങളോടും വന്യജീവി സങ്കേതങ്ങളോടും ചേർന്നുള്ള ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഭാഗം പരിസ്ഥിതിലോല മേഖലയുടെ പട്ടികയിൽ ഉൾപ്പെടുത്തണം എന്നുള്ള സുപ്രീംകോടതി വിധി റാന്നിയിലെ മലയോര മേഖലയിലെ ജനങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുന്ന സാഹചര്യമാണെന്ന് എംഎൽഎ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
ഗാഡ്ഗിൽ-കസ്തൂരിരംഗൻ റിപ്പോർട്ടുകളെ തുടർന്ന് പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെടുന്ന റാന്നി നിയോജകമണ്ഡലത്തിലെ കൊല്ലമുള, പെരുനാട്, വടശ്ശേരിക്കര എന്നീ വില്ലേജുകളിലെ ജനങ്ങൾ ആശങ്കയിലായിരുന്നു. ഇവരെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് ഇപ്പോഴത്തെ സുപ്രീംകോടതി ഉത്തരവ്. ആഗോള തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ ശബരിമലയുടെ മാസ്റ്റർ പ്ലാൻ അടക്കം പ്രതിസന്ധിയിലാകുമെന്ന് എം എൽ എ ചൂണ്ടിക്കാട്ടി.
ആദിവാസി- പട്ടികജാതി കോളനികളിലേയും മലയോര മേഖലയിൽ സർക്കാരിനെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റേയും ഒട്ടേറെ വികസനങ്ങൾ പ്രതിസന്ധിയിലാക്കാം. പൊതുജനങ്ങൾക്കും പുതിയ ഉത്തരവ് ഏറെ പ്രതിസന്ധിയുണ്ടാകും. കാർഷികമേഖലയുടെ തകർച്ചയ്ക്ക് ഇത് വഴിതെളിക്കും. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് എംഎൽഎ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്.