കാസർകോട് : മുസ്ലിം ലീഗ് നേതാവും മഞ്ചേശ്വരം എംഎൽഎയുമായ എംസി ഖമറുദ്ദീന് എതിരായ വഖഫ് ഭൂമി വിവാദത്തിൽ കൂടുതൽ രേഖകൾ പുറത്ത്. തൃക്കരിപ്പൂരിൽ വാങ്ങിയത് വഖഫ് ഭൂമിയല്ലെന്ന എംഎൽഎ യുടെ വാദങ്ങൾ അടിസ്ഥാന രഹിതമാണ്.
വഖഫിൽ രജിസ്റ്റർ ചെയ്ത സംഘടനയുടെ രജിസ്ട്രേഷൻ നമ്പറും എം എൽ എ വാങ്ങിയ ഭൂമിയുടെ ആധാരത്തിൽ പറയുന്ന രജിസ്ട്രേഷൻ നമ്പറും ഒന്നാണ്. ജാമിയ സാദിയ ഇസ്ലാമിയ എന്ന സംഘടനയാണ് വഖഫിൽ രജിസ്റ്റർ ചെയ്തതെന്നും ജാമിയ സാദിയ അഗതി മന്ദിരത്തിന്റേതാണ് ഭൂമിയെന്നുമായിരുന്നു വാദം. എന്നാൽ എംഎൽഎയുടെ വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തായത്.
തൃക്കരിപ്പൂരിൽ രണ്ട് ഏക്കറോളം വഖഫ് ഭൂമി എം സി കമറുദ്ദീൻ എംഎൽഎ ചെയർമാനായ ട്രസ്റ്റിന് നിയമവിരുദ്ധമായി വിറ്റെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാന വഖഫ് ബോർഡിന്റെ പ്രാഥമിക അന്വേഷണത്തിലാണ് നിയമവിരുദ്ധ കൈമാറ്റം കണ്ടെത്തിയത്. വിശദീകരണമാവശ്യപ്പെട്ട് എംഎൽഎക്കും, ഭൂമി വിറ്റ ജാമിയ സാദിയ ഇസ്ലാമിയ എന്ന സംഘടനയുടെ പ്രസിഡന്റിനും വഖഫ് ബോർഡ് നോട്ടീസയച്ചു. സംഭവത്തിൽ എംഎൽഎ ഉൾപ്പടെയുളളവർക്കെതിരെ കേസ് എടുത്തേക്കും. ഭൂമി തിരിച്ചുപിടിക്കുമെന്നും വഖഫ് ബോർഡ് അറിയിച്ചു.