ഇടുക്കി: ശബരിമല വിഷയത്തില്‍ ഖേദപ്രകടനം നടത്തിയ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി എം.എം. മണി. മന്ത്രി കടകംപള്ളി മാപ്പ് പറഞ്ഞത് വിഡ്ഡിത്തമെന്ന് എം.എം. മണി പറഞ്ഞു. ഖേദപ്രകടനത്തിന് സി.പി.എം ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. കടകംപള്ളിയുടെ ഖേദപ്രകടനത്തില്‍ യാതൊരു ഉത്തരവാദിത്തവുമില്ല. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞതാണ് പാര്‍ട്ടി നയമെന്നും എം.എം മണി വ്യക്തമാക്കി. സി.പി.ഐ നേതാവ് ആനി രാജ പറഞ്ഞതിലും ശരിയുണ്ടെന്നും എം.എം. മണി പറഞ്ഞു.
ശബരിമല വിഷയത്തില്‍ നേരത്തെ കടകംപള്ളി മാപ്പപേക്ഷയുമായി രംഗത്തെത്തിയിരുന്നു. ശബരിമലയില്‍ നടന്നത് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നുവെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു. 2018ലെ സംഭവം നമ്മെയെല്ലാം വേദനിപ്പിച്ച സംഭവം. ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത സംഭവം. എല്ലാവര്‍ക്കും വിഷമുണ്ടാക്കി. എനിക്കും വല്ലാതെ വിഷമുണ്ടാക്കിയെന്നുമാണ് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്.
ശബരിമല വിഷയം അടഞ്ഞ അധ്യായമാണ്. അന്നത്തെ സംഭവത്തിനുശേഷം നിരവധി ഉത്സവങ്ങള്‍ നടന്നു. നേരത്തെ ഉള്ളതിനെക്കാള്‍ മനോഹരമായി തന്നെ ഉത്സവം നടത്തി. വിശാല ബെഞ്ചിന്റെ വിധി എന്തായാലും ഭക്തജനങ്ങളുമായും വിശ്വാസ സമൂഹവുമായും രാഷ്ട്രീയ പാര്‍ട്ടികളുമായും കൂടിയാലോചിച്ചുകൊണ്ടേ തീരുമാനത്തിലെത്തൂവെന്നും കഴക്കൂട്ടം മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി കൂടിയായ കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു.