ഇടുക്കി : കൊവിഡ് സ്ഥിരീകരിച്ച മാതാവിനെ ആംബുലന്‍സില്‍ എത്തിച്ച് മടങ്ങിയ മകനെ പ്രദേശവാസികള്‍ ക്രൂരമായി മര്‍ദ്ദിച്ചു. ഉടുമ്പന്‍ചോല പഞ്ചായത്തിലെ ചെമ്മണ്ണാര്‍ എഴുമലക്കുടിയില്‍ കുമരവിലാസം വീട്ടില്‍ കുമരേശനെ (50) ആണ് പ്രദേശവാസികളായ 5 പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്.
ചെമ്മണ്ണാര്‍ എഴുമലക്കുടിയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ച മാതാവിനെ സ്വന്തം ജീപ്പില്‍ കയറ്റി ആംബുലന്‍സില്‍ എത്തിച്ച് മടങ്ങിയ മകന് നേരേയാണ് ആക്രമണം ഉണ്ടായത്. തമിഴ്നാട്ടില്‍ ഒരു ബന്ധുവിന്റെ സംസ്കാരച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ കുടുംബം ക്വറന്‍റീനിലായിരുന്നു. ഇന്ന് പരിശോധനാ ഫലം വന്നപ്പോള്‍ മാതാവിന് കോവിഡ് സ്ഥിരീകരിച്ചു. ഇവരെ ആശുപത്രിയില്‍ കൊണ്ടുപോകുവാന്‍ ആംബുലന്‍സ് തയ്യാറാക്കിയെങ്കിലും റോഡ് മോശമായതിനാല്‍ പാമ്പുപാറ വരെ മാത്രമെ എത്താനായുള്ളു. തുടര്‍ന്ന് ഇയാള്‍ സ്വന്തം ജീപ്പില്‍ അമ്മയെ കയറ്റി ആംബുലന്‍സില്‍ എത്തിച്ചു. മടങ്ങിവരുംവഴി പ്രദേശവാസികളായ അഞ്ച് പേര്‍ ചേര്‍ന്ന് വാഹനം തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു. സംഭവം അറിയിച്ചതിനെ തുടര്‍ന്ന് ഉടുമ്പന്‍ചോല പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.