കഠിനകുളം: മര്യനാട് ജങ്ഷന് സമീപം മൊബൈല്‍ ഷോപ്പ് കുത്തിത്തുറന്ന് മൊബൈല്‍ ഫോണുകളും പണവും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും കവര്‍ന്ന സംഭവത്തില്‍ അഞ്ചുപേരെ ആറ്റിങ്ങല്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യക സംഘം പിടികൂടി.
തിരുവനന്തപുരം പൂന്തുറ സ്വദേശികളായ സുനില്‍ സൈമണ്‍ (23), റോഷന് (23), സുരേഷ് (19), അജിത് (18), പ്രശാന്ത് (19) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 14ന് അര്‍ധരാത്രിയായിരുന്നു സംഭവം. വിലപിടിപ്പുള്ള 16 മൊബൈല്‍ ഫോണുകള്‍, ഷോപ്പില്‍ സൂക്ഷിച്ചിരുന്ന 30,000 രൂപ, നിരവധി സിം കാര്‍ഡുകള്‍, സി.സി.ടി.വി സംവിധാനവും ഹാര്‍ഡ് ഡിസ്ക് എന്നിവയും അപഹരിച്ചു.
വാടകക്കെടുത്ത കാറില്‍ എത്തിയാണ് പ്രതികള്‍ കൃത്യം നടത്തിയത്. മോഷണത്തിനു ശേഷം പ്രതികള്‍ തമിഴ്നാട്ടിലും കര്‍ണാടകയിലും ഒളിവില്‍ കഴിഞ്ഞുവരുകയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഇവര്‍ സഞ്ചരിച്ച കാര്‍ തിരിച്ചറിഞ്ഞത്. മോഷണത്തിനുപയോഗിച്ച കാറും സ്കൂട്ടറും മോഷ്ടിച്ച മൊബൈലുകളും സി.സി.ടി.വി സംവിധാനങ്ങളും കണ്ടെടുത്തു. പ്രതികളെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.