കോഴിക്കോട്: സിറ്റി പോലീസ് മേധാവി ഓഫീസിനടുത്തു നിന്ന് വ്യാപാരിയുടെ വിലകൂടിയ മൊബൈല്‍ ഫോണ്‍ പിടിച്ചുപറിച്ച് കടന്നുകളഞ്ഞ രണ്ടുപേര്‍ അറസ്റ്റില്‍. മുഖദാര്‍ സ്വദേശിയുടെ ഫോണ്‍ കവര്‍ന്ന മീഞ്ചന്ത വലിയതൊടിപറമ്പ് അബ്ദുല്‍ ആസിഫ് (35), കല്ലായ് തിരുത്തിവളപ്പില്‍ ബൈനു ടി. ബാലകൃഷ്ണന്‍ (39) എന്നിവരെയാണ് കസബ പോലീസ് അറസ്റ്റുചെയ്തത്. ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം.
കടയടച്ച് ടൗണിലെത്തിയ വ്യാപാരി മാനാഞ്ചിറ സ്ക്വയറിലെ ദീപാലങ്കാരം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തവേ പിന്നില്‍നിന്ന് ആക്രോശവുമായി ഇരുവരും ഓടിയെത്തുകയായിരുന്നു. ഭയന്ന വ്യാപാരി ഇരുചക്രവാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. ഈ സമയം സ്കൂട്ടറില്‍ പ്രതികള്‍ വ്യാപാരിയെ പിന്തുടര്‍ന്നു.
രക്ഷപ്പെടാനായി കമ്മീഷണര്‍ ഓഫീസ് വളപ്പിലേയ്ക്ക് വാഹനം ഓടിച്ചു കയറ്റവേയാണ് പ്രതികള്‍ ഐഫോണ്‍ പിടിച്ചുപറിച്ച് രക്ഷപ്പെട്ടത്. കവര്‍ന്ന ഫോണ്‍ പ്രതികളിലൊരാളുടെ ഭാര്യ തന്നെയാണ് സ്‌റ്റേഷനില്‍ ഹാജരാക്കിയത്. വ്യാപാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്തത്.