പത്തനംതിട്ട : നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ.യുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പത്തനംതിട്ട ജില്ലയില്‍ എത്തിയേക്കും. ഏപ്രില്‍ രണ്ടിന് വൈകീട്ട് നാലിന് പ്രധാനമന്ത്രി ജില്ലയില്‍ എന്‍.ഡി.എ തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കുമെന്നാണ് ലഭ്യമായ വിവരം. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല.
ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ മത്സരിക്കുന്ന കോന്നിയിലെ പ്രമാടത്തായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുന്ന സമ്മേളനമെന്നാണ് പാര്‍ട്ടി നേതാക്കള്‍ക്ക് കിട്ടിയ വിവരം. സുരക്ഷാ പരിശോധനകള്‍ക്ക് ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടാകൂ.
കെ. സുരേന്ദ്രന്‍ മത്സരിക്കുന്ന കോന്നി നിയോജക മണ്ഡലവും, ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥി കെ.പത്മകുമാര്‍ മത്സരിക്കുന്ന റാന്നി നിയോജകമണ്ഡലവും എന്‍.ഡി.എയ്ക്ക് ഏറെ വിജയ പ്രതീക്ഷയുള്ള മണ്ഡലങ്ങളാണ്. യു.ഡി.എഫിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തെ തുടര്‍ന്നുള്ള വിവാദങ്ങള്‍ കോന്നിയില്‍ ബി.ജെ.പിക്ക് അനുകൂലമാകുമ്പോള്‍, റാന്നിയില്‍ ഇരു മുന്നണികളിലെയും സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലിയുള്ള വിവാദങ്ങള്‍ പുകയുകയാണ്. ഇവിടെ എന്‍.ഡി.എ പ്രചാരണത്തില്‍ വളരെ മുന്‍പിലാണ്.