ന്യൂഡല്‍ഹി : കോവിഡ് സാഹചര്യം വിലയിരുത്താനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. ഓണ്‍ലൈനായിട്ടാകും അവലോകന യോഗം. കോവിഡ് കേസുകളുടെ പ്രതിദിന വര്‍ധനവിനുള്ള കാരണങ്ങളും സ്വീകരിക്കേണ്ട നടപടികളും യോഗത്തില്‍ ചര്‍ച്ചയാകും.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്ക് ഉന്നത കേന്ദ്ര സംഘത്തെ അയക്കാന്‍ തീരുമാനിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് പ്രധാനമന്ത്രിയുടെ അവലോകന യോഗം നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. 10.30ന് തുടങ്ങുന്ന യോഗത്തിന്റെ ആദ്യ സെഷനില്‍ രോഗബാധ രൂക്ഷമായ എട്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ കാണും. ശേഷം എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരുമായി കോവിഡ് വാക്സിന് ലഭ്യമാക്കുന്നത് സംബന്ധിച്ച കാര്യങ്ങളില്‍ ചര്‍ച്ച നടത്തും.
തിങ്കളാഴ്ച രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 91.3 ലക്ഷമായി ഉയര്‍ന്നിരുന്നു. ഡല്‍ഹി, കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ് ഇപ്പോള്‍ പ്രതിദിനം ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കക്കിടയാക്കുന്നുണ്ട്.