ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് എന്‍ഐഎയ്ക്ക് ഇമെയില്‍ സന്ദേശം. ഇതിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ റോയും മിലിറ്ററി ഇന്റലിജന്‍സും നിര്‍ദേശിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രാലയവും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മാസമാണ് പ്രധാനമന്ത്രി വധിക്കപ്പെടുമെന്ന സന്ദേശം ലഭിച്ചത്. തുടര്‍ന്ന് പ്രാഥമിക അന്വേഷണം നടത്തി വിശദാംശങ്ങള്‍ കാട്ടി എന്‍ എഎ ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതുകയും വിശദമായ അന്വേഷണം റോയും മിലിട്ടറി ഇന്റലിജന്‍സും ഏറ്റെടുക്കുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷ വര്‍ധിപ്പിക്കാന്‍ എജന്‍സികള്‍ നിര്‍ദേശിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷയ്ക്കും എതിരെ വധഭീഷണി മുഴക്കിയ അന്‍വര്‍, നിയാസ് എന്നീ രണ്ടുപേരെ കര്‍ണാടകയില്‍ നിന്നും ഈ വര്‍ഷം ആദ്യം അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ പ്രധാനമന്ത്രിയെ സ്വാതന്ത്ര്യദിനത്തിന് മുന്‍പായി വധിക്കുമെന്ന് ഭീഷണി മുഴക്കിയ നോയിഡ സ്വദേശിയെയും അറസ്റ്റ് ചെയ്തിരുന്നു.