ന്യൂഡൽഹി : മരുന്നുകമ്പനികൾ ഡോക്ടർമാർക്ക് സ്‌ത്രീകളെ കാഴ്‌ചവയ്‌ക്കുന്നെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസ്‌താവനയ്ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രംഗത്തെത്തി.
പ്രധാനമന്ത്രിയുടെ പരാമര്‍ശം അപമാനകരമാണ്. ആരോപണം തെളിയിക്കാനോ അല്ലാത്തപക്ഷം മാപ്പുപറയാനോ പ്രധാനമന്ത്രി തയ്യാറാകണം. സ്‌ത്രീകളെ എത്തിച്ചുനൽകിയ മരുന്നുകമ്പനികൾക്കെതിരെ എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ല. ഇത്തരം ഇടപാട് നടത്തിയ മരുന്നുകമ്പനികളുടെയും പ്രതികളായ ഡോക്ടർമാരുടെയും പേരുകൾ ഉടൻ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിടണം.
ആരോഗ്യമേഖലയിലെയും ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെയും നീറുന്ന പ്രശ്‌നങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് പ്രധാനമന്ത്രിയുടേത്. കേന്ദ്രസർക്കാർ കൊട്ടിഘോഷിച്ചുകൊണ്ടുവന്ന ആയുഷ്‌മാൻ ഭാരത് ചികിത്സ സർക്കാർ ആശുപത്രികളിലാണ് കൂടുതൽ നടപ്പാക്കുന്നത്.
പൊതുമേഖലയിലടക്കമുള്ള ആശുപത്രികൾക്ക് അനുവദിച്ച തുകയിൽ 15 ശതമാനവും ഇൻഷുറൻസ് കമ്പനികൾ കൈവശപ്പെടുത്തി. ഡോക്ടര്‍മാര്‍ക്ക് സുരക്ഷ ഒരുക്കാനോ കേന്ദ്രനിയമം നടപ്പാക്കാനോ സർക്കാർ തയ്യാറാകുന്നില്ലെന്നും ഐഎംഎ ചൂണ്ടിക്കാട്ടി. മരുന്നുകമ്പനികളുടെ യോഗത്തിലെ മോഡിയുടെ പ്രസ്‌താവനയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ നിഷേധിക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറായിട്ടില്ല.