കണ്ണൂർ: മട്ടന്നൂരിൽ ആർ.എസ്.എസ് സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടകനായി എസ്.ഐ പങ്കെടുത്തതിൽ ജാഗ്രത കുറവുണ്ടെന്ന് അന്വേഷണ റിപ്പോർട്ട്. സ്പെഷ്യൽ ബ്രാഞ്ച് തയ്യാറാക്കിയ റിപ്പോർട്ട് ജില്ലാ പോലീസ് മേധാവിക്ക് സമർപ്പിച്ചു. ആർ.എസ്.എസ് സംഘാടകരായുള്ള പരിപാടിയിൽ മട്ടന്നൂർ എസ്.ഐ കെ.കെ. രാജേഷ് ഉദ്ഘാടകനായതിനെതിരെ സി.പി.എം രംഗത്ത് വന്നിരുന്നു. ആർ.എസ്.എസ്. നേതാവ് സി.കെ. രഞ്ജിത്തിന്റെ സ്മൃതി ദിന പരിപാടിയാണ് എസ്.ഐ ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയാണ് മട്ടന്നൂർ കിളിയങ്ങാട് ആർ.എസ്.എസ് നേതൃത്വത്തിലുള്ള വീരപഴശ്ശി സ്മൃതി സേവാസമിതി അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്. സി.കെ രഞ്ജിത്തിന്റെ ചിത്രത്തിന് മുന്നിൽ നിലവിളക്ക് കൊളുത്തിയായിരുന്നു ഉദ്ഘാടനം. വേദിയിൽ രാജേഷ് സംസാരിക്കുകയും ചെയ്തിരുന്നു.
സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സി.പി.എം മട്ടന്നൂർ ഏരിയ കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. പിന്നാലെയാണ് സ്‌പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങിയത്. പരിപാടിയിൽ പങ്കെടുത്ത് ബോധവൽക്കണ ക്ളാസ് എടുക്കുന്നതിൽ തെറ്റില്ലെന്നും എന്നാൽ ഉദ്ഘാടകനായതിൽ എസ്.ഐയുടെ ഭാഗത്ത്നിന്ന് ജാഗ്രത കുറവ് ഉണ്ടായിട്ടുണ്ടെന്നുമാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. നാട്ടിൽ സാംസ്കാരിക സംഘടനകൾ നടത്തുന്ന പരിപാടികളിൽ ക്ളാസെടുക്കാൻ പോലീസ് ഉദ്യോഗസ്ഥരെ ക്ഷണിക്കാറുണ്ടെന്നും ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നതിൽ തെറ്റില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എസ്.ഐക്കെതിരെ കാര്യമായ നടപടി ഉണ്ടാകില്ലെന്നാണ് ലഭിക്കുന്ന സൂചന.