വാഷിങ്‍ടൺ : അമേരിക്കയിലെ മുൻനിര കമ്പനികളുടെ സി.ഇ.ഒ മാരുമായുള്ള കൂടിക്കാഴ്ചയോടെയാണ് വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക പരിപാടികൾ തുടങ്ങിയത്. ഇന്ത്യയിലെ അവസരങ്ങൾ ഏറെയാണെന്ന് മോദി വ്യക്തമാക്കി. നിക്ഷേപംനടത്താൻ കമ്പനികൾ ചർച്ചയിൽ താൽപര്യം പ്രകടിപ്പിച്ചുവെന്നാണ് അറിയുന്നത്.
ചിപ്പ് ഭീമൻ ക്രിസ്റ്റ്യാനോ എ ഏമൻ (ക്വാൽകോം), ശന്തനു നാരായൺ (അഡോബ്), മാർക്ക് വിഡ്മർ (ഫസ്റ്റ് സോളാർ), വിവേക് ലാൽ (ജനറൽ ആറ്റമിക്സ്), സ്റ്റീഫൻ എ ഷ്വാർസ്‌മാൻ (ബ്ലാക്‌സ്റ്റോൺ) എന്നിങ്ങനെ അഞ്ച് അടിസ്ഥാനമേഖലകളിൽ നിന്നുള്ള കമ്പനികളാണ് ചർച്ചയിൽ പങ്കെടുത്തത്. ശന്തനു നാരായണും വിവേക് ലാലും ഇന്ത്യൻ അമേരിക്കക്കാരാണ്. ഇന്ത്യയിലെ സാമ്പത്തികസാധ്യതകൾ ഉയർത്തിക്കാട്ടുന്നതായിക്കും ചർച്ചയെന്ന് മോദി
നേരത്തേ പറഞ്ഞിരുന്നു.
വിവരസാങ്കേതികവിദ്യയെക്കുറിച്ചും ഡിജിറ്റൽ മേഖലയെക്കുറിച്ചും ഇന്ത്യൻ അമേരിക്കക്കാരായ ശന്തനു നാരായണുമായി മോദി സംസാരിച്ചു. സൈനിക ഡ്രോൺ സാങ്കേതികവിദ്യയെക്കുറിച്ചാണ് ജനറൽ ആറ്റമിക്സിന്റെ വിവേക് ലാലുമായി പ്രധാനമായും ചർച്ചനടത്തിയത്. സൈന്യത്തിനായി ഇന്ത്യ കൂടുതൽ ഡ്രോണുകൾ സ്വന്തമാക്കാൻ പദ്ധതിയിടുന്ന പശ്ചാത്തലത്തിലാണിത്. ഇന്ത്യ ജനറൽ ആറ്റമിക്സിൽനിന്ന് ഏതാനും ഡ്രോണുകൾ വാടകയ്ക്കെടുത്തിട്ടുമുണ്ട്. രാജ്യത്തെ സൗരോർജ പദ്ധതിസാധ്യതകളെക്കുറിച്ച് ഫസ്റ്റ് സോളാർ കമ്പനിയുമായി അദ്ദേഹം സംസാരിച്ചു. 5 ജി സാങ്കേതികവിദ്യ സുരക്ഷിത്വം എന്നിവ സംബന്ധിച്ച് ക്രിസ്റ്റ്യാനോ ഏമനുമായും സംസാരിച്ചു.