മുംബൈ : ലോകത്തിലെ ഏറ്റവുംവലിയ പിടിച്ചുപറി റാക്കറ്റായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവെച്ച തിരഞ്ഞെടുപ്പ് ബോണ്ടുകളെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് താനെയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറകടറേറ്റ്, സി.ബി.ഐ, ആദായനികുതിവകുപ്പ് എന്നീ ഏജന്‍സികളെ ഉപയോഗിച്ച് സമ്മര്‍ദ്ദം ചെലുത്തി ബി.ജെ.പി. കമ്പനികളില്‍നിന്ന് പണം കൈക്കലാക്കുകയാണെന്നും അദ്ദേഹം റാലിയില്‍ പറഞ്ഞു.
ലോകത്തെ ഏറ്റവും വലിയ അഴിമതിയാണ് ബോണ്ടുകളെന്ന് രാഹുല്‍ പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ബി.ജെ.പി. സര്‍ക്കാര്‍ ഒരുദിവസം അധികാരത്തില്‍നിന്ന് താഴെയിറങ്ങുമെന്ന് തിരഞ്ഞെടുപ്പ് ബോണ്ടുമായി ബന്ധപ്പെട്ടവര്‍ ആലോചിക്കണം. അന്ന് ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്തുന്ന നടപടി സ്വീകരിക്കും. ഇത് തന്റെ ഗ്യാരന്റിയാണെന്നും രാഹുല്‍ ഗാന്ധി വിമർശിച്ചു.