ന്യൂദല്‍ഹി: രാജ്യത്തിന്റെ വര്‍ത്തമാനവും ഭാവിയും രൂപപ്പെടുത്തുന്നത് വിദ്യാര്‍ത്ഥികളുടെ ചുമതലയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പണ്ഡിറ്റ് ദീന്‍ദയാല്‍ പെട്രോളിയം യൂണിവേഴ്‌സിറ്റിയുടെ എട്ടാമത് ബിരുദദാന ചടങ്ങില്‍ ഓണ്‍ലൈന്‍ ആയി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ വലിയ ഒരു മാറ്റത്തിന്റെ നിര്‍ണായക ഘട്ടത്തിലൂടെയാണ് ഇപ്പോള്‍ സഞ്ചരിക്കുന്നത്.
അടുത്ത 25 വര്‍ഷങ്ങള്‍ ഇന്ത്യക്ക് ഏറെ പ്രധാനപ്പെട്ടതാണ്. രാജ്യത്തിന്റെ വര്‍ത്തമാനവും ഭാവിയും രൂപപ്പെടുത്തുന്നതില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ണായക പങ്കുണ്ട്. നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്നത് ഒരു സുവര്‍ണകാലത്താണ്. ഇക്കാര്യത്തെക്കുറിച്ച് നിങ്ങള്‍ ഇതുവരെ ചിലപ്പോള്‍ ചിന്തിച്ചിട്ടുണ്ടാകില്ല, എന്നാല്‍ ഈ അവസരത്തില്‍ അതുവേണം. സ്വതന്ത്ര ഇന്ത്യ 2022ല്‍ 75 വര്‍ഷം പൂര്‍ത്തിയാക്കും. 2047 ഓടെ നമ്മുടെ രാജ്യത്തിന്റെ 100-ാം സ്വാതന്ത്യ ദിനം ആഘോഷിക്കും. അടുത്ത 25 വര്‍ഷങ്ങള്‍ നമ്മുടെ രാജ്യത്തിന് ഏറെ പ്രധാനപ്പെട്ടതാണ്. അതുപോലെ വിദ്യാര്‍ത്ഥികളായ നിങ്ങള്‍ക്കും വരുന്ന 25 വര്‍ഷക്കാലം നിര്‍ണായകമാണ്. ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നവര്‍ക്ക് മാത്രമാണ് വിജയം ഉണ്ടാകുന്നതെന്ന് പ്രധാനമന്ത്രി ഓര്‍മ്മപ്പെടുത്തി.
ഉത്തരവാദിത്വത്തെ ബാധ്യതയായി കാണുന്നവര്‍ എന്നും പരാജിതരായിരിക്കും. ലോകത്ത് കൊറോണ വൈറസ് ഉണ്ടാക്കിയിരിക്കുന്ന പ്രതിസന്ധികളേക്കുറിച്ചും പ്രധാനമന്ത്രി വിദ്ധ്യാര്‍ത്ഥികളോട് സംസാരിച്ചു. ലോകത്ത് വലിയ മാറ്റങ്ങളാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. പുതിയ സാഹചര്യങ്ങളില്‍ സംരംഭകത്വം വികസിപ്പിക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാകുന്നുണ്ട്, അദ്ദേഹം പറഞ്ഞു.
യൂണിവേഴ്‌സിറ്റിയില്‍ 45 എംഡബ്ലിയു നിര്‍മാണ പ്ലാന്റിന്റെ നിര്‍മാണ ശിലയും പ്രധാനമന്ത്രി സ്ഥാപിച്ചു. ഇന്നൊവേഷന്‍ ഇന്‍ക്യുബേഷന്‍ സെന്ററിന്റെ ഉദ്ഘാടനവും മോദി നിര്‍വഹിച്ചു.