കൊച്ചി : എപ്പോഴും ജനങ്ങള്‍ക്കൊപ്പം, അവരുടെ നടുവില്‍ നില്‍ക്കാന്‍ ആഗ്രഹിച്ച നേതാവായിരുന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെന്ന് നടന്‍ മോഹന്‍ലാല്‍. സാധാരണജനങ്ങളിലേക്ക് ഏറ്റവുമധികം ഇറങ്ങിച്ചെന്നയാളായിരുന്നുവെന്നും കേരളത്തിനും ദേശീയ രാഷ്ട്രീയത്തിനും വലിയ നഷ്ടമാണ് ഈ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം ഒരു ഓൺലൈൻ ന്യൂസിനോട് പറഞ്ഞു. വ്യക്തിപരമായി അടുത്തബന്ധമാണ് ഉമ്മന്‍ചാണ്ടിയുമായി ഉണ്ടായിരുന്നത്. ഏറ്റവുമധികം സംസാരിക്കുകയും സംസാരിക്കാനിഷ്ടമുള്ളയാളുമായിരുന്നുവെന്നും മോഹന്‍ലാല്‍ ഓര്‍ത്തെടുത്തു. മുഖ്യമന്ത്രിയായിരുന്ന കാലത്ത് അഭിമുഖം നടത്താന്‍ സാധിച്ചത് വലിയ ഭാഗ്യമായി കാണുന്നുവെന്നും ഒടുവില്‍ സംസാരിച്ചപ്പോള്‍ ആംഗ്യഭാഷയിലാണ് അദ്ദേഹം വിവരം കൈമാറിയതെന്നും വേദനയോടെ താരം പറഞ്ഞു.
ഉമ്മന്‍ചാണ്ടിയുടെ ആത്മാവിന് എല്ലാപ്രാര്‍ഥനകളും നേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ഉമ്മന്‍ചാണ്ടി ഇന്ന് പുലര്‍ച്ചെ 4.25 ഓടെയാണ് അന്തരിച്ചത്. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു വിയോഗം. 79 വയസായിരുന്നു. അര്‍ബുദ ബാധിതനായി ചികില്‍സയിലായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ ഭൗതികശരീരം ബെംഗളൂരു ഇന്ദിരാനഗറില്‍ കോണ്‍ഗ്രസ് നേതാവ് ടി.ജോണിന്റെ വസതിയില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍, തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ തുടങ്ങിയ നേതാക്കള്‍ ഉമ്മന്‍ചാണ്ടിക്ക് അന്തിമോപചാരം അര്‍പ്പിച്ചു.