പത്തനംതിട്ട : കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഡീലക്സ് ബസില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍. പ്രാഥമിക പരിശോധനയില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സസ്‌പെന്‍ഷന് ഗതാഗത മന്ത്രി ആന്റണി രാജു നിര്‍ദ്ദേശം നല്‍കി. പത്തനംതിട്ട ഡിപ്പോയിലെ ഡ്രൈവറായ ചിറ്റാര്‍ സ്വദേശി ഷാജഹാനെതിരെയാണ് വിദ്യാര്‍ത്ഥിനി പരാതിയുമായെത്തിയത്. സൂപ്പര്‍ ഡീലക്സ് ബസിലെ ഡ്രൈവറാണ് ഷാജഹാന്‍. കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഡീലക്സ് ബസില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നു പരാതിയില്‍ പറയുന്നു.
ശനിയാഴ്ച പുലര്‍ച്ചെ നാല് മണിക്കാണ് സംഭവം. വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. കെ.എസ്.ആര്‍.ടി.സി വിജിലന്‍സ് ഓഫീസറുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. എന്നാല്‍ തനിക്കെതിരെയുള്ള പരാതി കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞ് ഡ്രൈവര്‍ രംഗത്തെത്തി. യാത്രക്കാരിയെ അറിയാമെന്നും ആരോപണത്തിന് പിന്നില്‍ മറ്റ് കാരണങ്ങളാണെന്നുമാണ് ഡ്രൈവര്‍ പറഞ്ഞത്.