കൊച്ചി: പോലീസിന്റെയും രാഷ്ട്രീയക്കാരുടെയും പിന്‍ബലത്തോടെ കോടികളുടെ വന്‍ തട്ടിപ്പ് . പണം നഷ്ടമായവരുടെ എണ്ണം പതിനാലായിരത്തോളം. കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് യൂണിവേഴ്‌സല്‍ സൊലൂഷന്‍സ് എന്ന കമ്പനിയാണ് തട്ടിപ്പ് നടത്തിയതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഒരുലക്ഷം നിക്ഷേപിച്ചാല്‍ ഓരോ മാസവും ഇരുപതിനായിരം രൂപ വെച്ച് പത്തുമാസം കൊണ്ട് ഇരട്ടി പണം മടക്കിനല്‍കുമെന്ന വാഗ്ദാനത്തില്‍ വീണവര്‍ ബന്ധുക്കളേയും സുഹൃത്തുക്കളേയുമൊക്കെ നിക്ഷേപത്തിന് പ്രേരിപ്പിച്ചു. 3500 കോടി രൂപയുടെ മണിചെയിന്‍ തട്ടിപ്പാണ് കേരളത്തില്‍ ഈ കമ്പനി നടത്തിയിരിക്കുന്നത്.
പതിനാലായിരത്തോളം പേര്‍ തട്ടിപ്പിനിരയായതായി പരാതിക്കാരുടെ കൂട്ടായ്മ പറയുന്നു. ദിവസേന കോടികളുടെ ഇടപാട് നടന്നിരുന്ന ഓഫിസ് പുറത്തുനിന്ന് പൂട്ടിയിരിക്കുകയാണ്. പണം നിക്ഷേപിച്ചവര്‍ പണം ആവശ്യപ്പെട്ടു വരുമ്പോള്‍ ഗുണ്ടകളെത്തി വിരട്ടുമെന്നും വന്നവരുടെ വീഡിയൊ പിടിച്ച് കൊണ്ടു പോകുമെന്നും പണം നഷ്ടപ്പെട്ടവരുടെ കൂട്ടായ്മ പറയുന്നു. കേരളം കൂടാതെ തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലും ഈ കമ്പനി വന്‍ തട്ടിപ്പു നടത്തിയതായി പണം നഷ്ടപ്പെട്ടവര്‍ പറയുന്നു.