കോഴിക്കോട് : ഡോ.ഫസല്‍ ഗഫൂറിനെതിരെ കോടികളുടെ നിക്ഷേപ തട്ടിപ്പ് പരാതി. കോഴിക്കോട് ഗോവിന്ദപുരത്ത് മിനിബൈപാസില്‍ എം ഇ എസുമായി ചേര്‍ന്ന് സംയുക്ത സംരംഭമായി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ തുടങ്ങാമെന്ന് പ്രലോഭിപ്പിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയെന്നാണ് പരാതിയിലുള്ളത്.
മലപ്പുറം തിരൂര്‍ പോലീസ് സ്റ്റേഷനിലും കോഴിക്കോട് നടക്കാവ് സ്റ്റേഷനിലുമായി രണ്ട് ഡോക്ടര്‍മാരാണ് പുതിയ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. 13,93,577 രൂപ നിക്ഷേപമായി വാങ്ങി വഞ്ചിച്ചുവെന്ന് പ്രമുഖ പീഡിയാട്രിക് സര്‍ജനും തിരൂര്‍ നഴ്‌സിംഗ് ഹോം ഉടമയുമായ ഡോ. അബ്ദുള്‍ നാസറും 26 ലക്ഷം രൂപ വാങ്ങിയെന്ന് ഫറോക്ക് കോയാസ് ആശുപത്രിയിലെ സര്‍ജന്‍ ഡോ. സി വി സലീമുമാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. ഇവരെ കൂടാതെ 46 പേരില്‍ നിന്നായി കോടിക്കണക്കിന് രൂപ സമാഹരിച്ചിട്ടുണ്ടെന്നും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.
ഈ പദ്ധതിയിലേക്കെന്നും പറഞ്ഞ് എം ഇ എസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ പ്രമോട്ടറായി തുടങ്ങിയ ഫെയര്‍ഡീല്‍ ഹൈല്‍നെസ്സ് സൊല്യൂഷന്‍സ് എന്ന കമ്പിനിക്കായി കോഴിക്കോട് ഗോവിന്ദപുരത്ത് ഫസല്‍ ഗഫൂറിന്റെ മകന്‍ ഡോക്ടര്‍ റഹീം ഗഫൂര്‍ 90 സെന്റ് ഭൂമി വാങ്ങി. ഫെയര്‍ഡീല്‍ ഹൈല്‍നെസ്സ് സൊല്യൂഷന്‍സ് എന്ന കമ്പിനിയില്‍ എം ഇ എസിന് ഷെയറുണ്ടെന്നും കമ്പിനിയുടെ പ്രവര്‍ത്തനങ്ങളില്‍ സംഘടനക്ക് വ്യക്തമായ നിയന്ത്രണമുണ്ടെന്നും നിക്ഷേപകരെ വിശ്വസിപ്പിച്ചിരുന്നുവത്രെ.
ഒരു കാലത്തും കെട്ടിട നിര്‍മാണത്തിന് അനുമതി കിട്ടാനിടയില്ലാത്ത ഭൂമിയില്‍ തുടങ്ങിയ നിര്‍മാണം 2016 മുതല്‍ നിയമപരമായി തടസ്സപ്പെട്ടു. നിര്‍മാണത്തിന് വേണ്ട അനുമതികള്‍ ലഭിക്കുന്നതിന് മുമ്പേ പൈലിംഗ് അടക്കമുള്ള നിര്‍മാണ പ്രവര്‍ത്തങ്ങള്‍ നടത്തിയത് ഭീമമായ സാമ്പത്തിക നഷ്ടമുണ്ടാക്കി. നിക്ഷേപകര്‍ രേഖാമൂലം നിരന്തരം ആവശ്യപ്പെട്ടെങ്കിലും നിക്ഷേപകരുടെ യോഗം വിളിക്കുകയോ ഇത് വരെ ഷെയര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുകയോ ചെയ്തിട്ടില്ല. ഇപ്പോള്‍ ഫെയര്‍ഡീല്‍ ഹൈല്‍നെസ്സ് സൊല്യൂഷന്‍സ് കമ്പിനിയുടെ പ്രവര്‍ത്തനവും ആശുപത്രി പദ്ധതിയും പൂര്‍ണമായി നിലച്ച മട്ടാണ്. മിനി ബൈപാസില്‍ വാടകക്കെടുത്ത രജിസ്റ്റേര്‍ഡ് ഓഫീസ് 2016 മുതല്‍ അടഞ്ഞുകിടക്കുകയാണ്. നിലവില്‍ കമ്പിനിക്ക് എവിടെയും ഓഫീസ് ഉള്ളതായി അറിവില്ല.
കമ്പിനി രജിസ്ട്രാര്‍ക്ക് ഔദ്യോഗികമായി സമര്‍പ്പിച്ച രേഖകളില്‍ വ്യപകമായ കൃത്രിമം നടന്നിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. ഡോ. ഫസല്‍ ഗഫൂറിനെ കൂടാതെ മകന്‍ പി എ റഹീം ഫസല്‍, എം ഇ എസ് ജനറല്‍ സെക്രട്ടറി പി ഒ ജെ ലബ്ബ എന്നിവരെ പരാതിയില്‍ രണ്ടും മൂന്നും പ്രതികളായി ചേര്‍ത്തിട്ടുണ്ട്.
നേരത്തേ എം ഇ എസിന്റെ ഫണ്ട് തിരിമറി ചെയ്തുവെന്ന പരാതിയില്‍ പ്രസിഡന്റ് ഫസല്‍ ഗഫൂറിനെതിരെ നടക്കാവ് പോലീസ് കേസെടുത്തിരുന്നു. എം ഇ എസ് ജനറല്‍ സെക്രട്ടറി പ്രൊഫ. പി ഒ ജെ ലബ്ബ കേസില്‍ രണ്ടാം പ്രതിയാണ്. എം ഇ എസ് അംഗമായ എന്‍ കെ നവാസ് ആണ് പരാതിക്കാരന്‍. വഞ്ചനാക്കുറ്റം ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകളാണ് ഫസല്‍ ഗഫൂറിനെതിരേ ചുമത്തിയിരുന്നത്. എം ഇ എസിന്റെ അക്കൗണ്ടില്‍ നിന്ന് 2011 ല്‍ 3.7 കോടി രൂപ റിയല്‍ എസ്റ്റേറ്റ് കമ്പിനിയിലേക്കും 2012 ഒക്ടോബറില്‍ 11.82 ലക്ഷം രൂപ മകന്‍ എം ഡിയായ കമ്പിനിയുടെ അക്കൗണ്ടിലേക്കും മാറ്റിയെന്നും ഈ തുക തിരിച്ചെത്തിയില്ലെന്നുമാണ് പരാതിയില്‍ പറയുന്നത്. നവാസ് നേരത്തേ നടക്കാവ് പോലീസില്‍ സമര്‍പ്പിച്ച പരാതിയില്‍ കേസെടുക്കാത്തതിനെത്തുടര്‍ന്ന് അദ്ദേഹം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
തനിക്കെതിരെയുള്ള നിക്ഷേപ തട്ടിപ്പ് പരാതി സംഘടനക്കകത്തെ ചേരിപ്പോരിന്റെ ഭാഗമാണെന്ന് ഡോ. ഫസല്‍ ഗഫൂര്‍ പറയുന്നു. കോഴിക്കോട് ഗോവിന്ദപുരത്ത് സ്ഥലം വാങ്ങി ആശുപത്രി സ്ഥാപിക്കാനുള്ള പദ്ധതി പിന്നീട് വിജയകരമല്ലെന്ന് കണ്ട് ഉപേക്ഷിച്ചതാണ്. സമീപത്തുള്ള എം ഇ എസിന്റെ ഭൂമിയോട് ചേര്‍ന്നാണ് ഫെയര്‍ഡീല്‍ ഹൈല്‍നെസ്സ് സൊല്യൂഷന്‍സ് എന്ന കമ്പിനിക്കായി സ്ഥലം വാങ്ങിയത്. പിന്നീട് എം ഇ എസും കമ്പിനിയും കൂടി സംയുക്തമായി കെട്ടിട നിര്‍മാണത്തിന് അപേക്ഷിക്കുകയായിരുന്നു.
നിര്‍മാണത്തിന് അനുമതിയും ലഭിച്ചിട്ടുണ്ട്. മറിച്ചുള്ള പ്രചാരണം കളവാണ്. എന്നാല്‍ ആശുപത്രി സ്ഥാപിക്കാമെന്ന പദ്ധതി വിജയകരമല്ലെന്ന് കണ്ടെത്തിയതിനാലാണ് ഉപേക്ഷിച്ചത്. ഇക്കാര്യം എം ഇ എസിന്റേയും ഫെയര്‍ഡീല്‍ കമ്പിനിയുടേയും മിനുട്ട്‌സില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നിക്ഷേപകര്‍ക്ക് അവരുടെ നിക്ഷേപതോതനുസരിച്ച് ഭൂമിയില്‍ നിലവില്‍ വിഹിതമുണ്ടെന്നും ഡോ. ഫസല്‍ ഗഫൂര്‍ പറഞ്ഞു.