ഷാർജ : മുസ്ലീംലീഗ് നേതാവ് എം.സി.മായിൻ ഹാജിക്കും മകനുമെതിരേ ദുബായിൽ ചെക്ക് കേസ്. അഞ്ചുകോടി രൂപ തട്ടിപ്പ് നടത്തിയെന്ന് കാണിച്ചാണ് കണ്ണൂർ സ്വദേശിയായ പ്രവാസി മായിൻ ഹാജിക്കെതിരേ പരാതി നൽകിയത്. ലീഗ് നേതൃത്വത്തിനെതിരേയും പരാതി നൽകിയിട്ടുണ്ട്. എം.സി.മായിൻ ഹാജിയും മകൻ എം.കുഞ്ഞാലിയും മരുമകൻ മുസ്തഫ മൊയ്തീനും ചേർന്ന് ഷാർജയിൽ ലൈഫ് കെയർ മെഡിക്കൽ സെന്റർ എന്ന സ്ഥാപനം വാങ്ങിയിരുന്നു. ദുബായിൽ ബിസിനസ് നടത്തുന്ന കണ്ണൂർ സ്വദേശിയിൽ നിന്ന് 25 ലക്ഷം ദിർഹത്തിന് അതായത് അഞ്ചുകോടി ഇന്ത്യൻ രൂപയ്ക്കാണ് സ്ഥാപനം വാങ്ങിയത്.
മായിൻ ഹാജിയുടെ മകൻ എം.കുഞ്ഞാലി ഒപ്പിട്ട ചെക്കുകളാണ് കണ്ണൂർ സ്വദേശിക്ക് നൽകിയത്. എന്നാൽ ചെക്കുകൾ ബാങ്കിൽ നിന്ന് മടങ്ങി. ഇതിനിടെ കുഞ്ഞാലി ദുബായിൽ നിന്ന് മുങ്ങുകയും ചെയ്തു. സ്ഥാപനം വിറ്റ പണം ലഭിക്കുന്നതിനായി കണ്ണൂർ സ്വദേശി പലതവണ മായിൻ ഹാജിയെ വിളിച്ചു. കാര്യമായ പ്രതികരണം ലഭിക്കാത്തതിനെ തുടർന്ന് വിഷയം പാണക്കാട് തങ്ങൾ കുടുംബത്തെ അറിയിച്ചു.
ഫോണിലൂടെയും മധ്യസ്ഥ ചർച്ചയിലൂടെയും പണം വേഗത്തിൽ കൊടുത്തുതീർക്കാമെന്ന് മായിൻ ഹാജി പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾക്ക് ഉറപ്പുനൽകി. എന്നാൽ അതും പാലിക്കപ്പെട്ടില്ല.
തുടർന്നാണ് പ്രവാസി വ്യവസായി നിയമനടപടികളിലേക്ക് നീങ്ങിയത്. ഷാർജയിലെ പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്. ചെക്ക് മടങ്ങിയതിന്റെ കേസ് ഉളളതിനാൽ മായിൻ ഹാജിയുടെ മകന് നേരത്തേ തന്നെ യുഎഇയിൽ പ്രവേശിക്കാൻ കഴിയാത്ത സാഹചര്യമുണ്ട്. തട്ടിപ്പിനിരയായ കണ്ണൂരിലെ പ്രവാസി വിവരം മുസ്ലീംലീഗിനെ അറിയിച്ചിട്ടുണ്ട്. സാമ്പത്തിക തട്ടപ്പിനെ തുടർന്ന് എം.സി.കമറുദ്ദീൻ അറസ്റ്റിലായത് ലീഗ് നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരുന്നു. അതിനിടയിലാണ് എം.സി.മായിൻ ഹാജി കൂടി സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിക്കൂട്ടിലായിരിക്കുന്നത്.