ദില്ലി : കടം വാങ്ങിയ 300 രൂപ തിരികെ നല്‍കിയില്ലെന്നാരോപിച്ച് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. സംഭവം ദില്ലിയില്‍. ആനന്ദ് പര്‍ബത് സ്വദേശിയായ ശൈലേന്ദ്രയാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. അഞ്ചംഗ സംഘമാണ് യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയത്. ദില്ലിയിലെ ആനന്ദ് പര്‍ബത് പ്രദേശത്താണ് നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്.
മെഡിക്കല്‍ സ്റ്റോറിലെ ജീവനക്കാരനായ ശൈലേന്ദ്ര രവി എന്നയാളില്‍ നിന്നും 300 രൂപ കടം വാങ്ങിയിരുന്നു. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ ഇപ്പോള്‍ പണം കയ്യിലില്ലെന്ന് ശൈലേന്ദ്ര പറഞ്ഞതോടെ വാക്കുതര്‍ക്കമായി, ഇതിനിടെ പ്രകോപിതനായ രവിയുടെ സുഹൃത്തുകള്‍ ശൈലേന്ദ്രയെ കൊലപ്പെടുത്തുകയായിരുന്നു.
കൈയ്യിലിരുന്ന കത്തിയും ആയുധങ്ങളും ഉപയോഗിച്ചാണ് പ്രതികള്‍ ശൈലേന്ദ്രയെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേരുള്‍പ്പടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.