തിരുവനന്തപുരം : ഡീസലിനും പെട്രോളിനും പാചകവാതകത്തിനും പിന്നാലെ മണ്ണെണ്ണയ്ക്കും വില കുത്തനെ കൂട്ടി. ഒറ്റയടിക്ക് എട്ട് രൂപയാണ് കൂട്ടിയത്. ഇതോടെ ഒരു ലിറ്റർ മണ്ണെണ്ണയുടെ വില 47 രൂപ 55 രൂപയാക്കി ഉയര്‍ന്നു. ഇന്ന് മുതൽ പുതിയ വില നൽകണം. മൊത്ത വ്യാപാര വില ലിറ്ററിന് 6 രൂപ 70 പൈസയും കൂട്ടി. മണ്ണെണ്ണയ്ക്ക് ഒറ്റയടിക്ക് ഇത്രയും വില കൂട്ടുന്നത് ആദ്യമാണ്.
ഇന്ധനവില തുടര്‍ച്ചയായി കൂടുന്നതിനിടെയാണ് ഇരുട്ടടിയായിട്ടാണ് മണ്ണെണ്ണയുടെ വിലയും വര്‍ധിച്ചത്. ഒരു ലിറ്റര്‍ പെട്രോളിന് 48 പൈസയാണ് ഇന്ന് കൂട്ടിയത്. ഡീസലിന് ഇന്ന് വില കൂട്ടിയിട്ടില്ല. തിരുവനന്തപുരത്ത് ഇന്ന് പെട്രോൾ വില 112 രൂപ 59 പൈസയാണ്. രാജ്യത്ത് ഇന്ധനവില വർധനയിൽ റെക്കോഡ് ഇട്ട മാസമായിരുന്നു ഒക്ടോബർ.
പെട്രോളിന് ഏഴ് രൂപ എണ്‍പത്തിരണ്ട് പൈസയും ഡീസലിന് എട്ട് രൂപ എഴുപത്തൊന്ന് പൈസയുമാണ് ഒക്ടോബറിൽ കൂടിയത്. വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടർ വില ഇന്നലെ കൂടിയിരുന്നു. 278 രൂപയാണ് കൊച്ചിയിൽ കൂടിയത്. 1994 രൂപയാണ് പുതുക്കിയ നിരക്ക്. വീടുകളിൽ ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറിന്റെ വില ഇപ്പോൾ കൂടിയിട്ടില്ല. ദില്ലിയിലും കൊൽക്കത്തയിലും ചെന്നൈയിലും വാണിജ്യ സിലിണ്ടറിന്റെ വില രണ്ടായിരം കടന്നു.