ചെങ്ങന്നുര്‍: ട്രെയിനില്‍ യാത്ര ചെയ്യവേ പോലീസുകാരനാണെന്നു സ്വയം പരിചയപ്പെടുത്തി സൗഹൃദത്തിലായ ശേഷം വീട്ടമ്മയുടെ ബാഗില്‍ നിന്ന് പണം മോഷ്ടിച്ച് കടന്നുകളഞ്ഞ കേസിലെ പ്രതിയെ ഏഴു മാസങ്ങള്‍ക്ക് ശേഷം അറസ്റ്റ് ചെയ്തു.
മാന്നാര്‍ ഇരമത്തൂര്‍ പൊതുവൂര്‍ 18ാം വാര്‍ഡില്‍ നിന്ന് വിവാഹം കഴിച്ചു ഇവിടെ താമസിച്ചു വരുകയായിരുന്ന ഇടുക്കി ചോവൂര്‍ വീട്ടില്‍ സന്തോഷ് (44) ആണ് അറസ്റ്റിലായത്. കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന ഇയാള്‍ പിന്നീട് പൊതുസമൂഹവുമായി അധികം ഇടപഴകലോ ബന്ധങ്ങളോ ഇല്ലാതെ കഴിയുകയായിരുന്നു.
തൃശൂര്‍ റെയില്‍വേ പോലീസാണ് മാന്നാറിലെത്തി അറസ്റ്റ് ചെയ്തത്. 2020 ഫെബ്രുവരിയില്‍ കോട്ടയത്ത് നിന്നും പാലക്കാട്ടേക്ക് യാത്ര ചെയ്ത വീട്ടമ്മയുടെ പണമായിരുന്നു മോഷ്ടിച്ചത്. യാത്രക്കിടെ താന്‍ സ്പെഷ്യല്‍ ബ്രാഞ്ച് പോലീസ് ആണെന്ന് പറഞ്ഞ് പരിചയപ്പെട്ട് സൗഹൃദത്തിലാക്കുകയും തൃശൂര്‍ എത്തിയപ്പോള്‍ വീട്ടമ്മ മുഖം കഴുകുന്നതിനായി പോയപ്പോള്‍ ബാഗില്‍ നിന്ന് 11,000 രൂപയുമായി പ്രതി മുങ്ങുകയായിരുന്നു.
പാലക്കാട് എത്തിയതിനു ശേഷമാണു സ്ത്രീ പണം നഷ്ടപെട്ട വിവരം അറിയുന്നത്. സൗഹൃദത്തിലായ ശേഷം പ്രതി മൊബൈല്‍ നമ്പര്‍ വീട്ടമ്മക്ക് നല്‍കിയിരുന്നു. ഇതു വെച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി വലയിലാകുന്നത്.
കഴിഞ്ഞ ദിവസം മാന്നാറില്‍ എത്തിയ റെയില്‍വേ പോലീസ് സംഘം മാന്നാര്‍ പോലീസ് സ്റ്റേഷനിലെ അഡിഷനല്‍ എസ്.ഐ ജോണ്‍ തോമസ്, സി.പി.ഒ സിദ്ധിക്ക് എന്നിവരുടെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്. തൃശൂര്‍ റെയില്‍വേ പോലീസ് എസ്.ഐ രതീഷ്, സി.പി.ഒമാരായ ലാലു, ഡേവിസ് എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.