കൊച്ചി : യുകെ, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നെത്തിയ യാത്രക്കാര്‍ക്ക് മങ്കിപോക്സ് ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജാഗ്രതാ ശക്തമാക്കി. കഴിഞ്ഞ ദിവസം യുകെയില്‍ നിന്ന് ദോഹ വഴി കൊച്ചിയിലെത്തിയ തൃശൂര്‍ ജില്ലയില്‍ നിന്നുള്ള നാലംഗ കുടുംബത്തിലെ ഒരാള്‍ക്കും സൗദി അറേബ്യയില്‍ നിന്നെത്തിയ കുന്നംകുളം സ്വദേശിയായ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്കും രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നു.
യുകെയില്‍ നിന്ന് മടങ്ങിയെത്തിയ കുടുംബത്തിലെ നാലുപേരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ക്വാറന്‍റൈനിലാക്കിയെങ്കിലും വൈറോളജി ഫലം വന്നപ്പോള്‍ ചിക്കന്‍പോക്സ് ആണെന്ന് തെളിഞ്ഞു. കുന്നംകുളം സ്വദേശികളായ മൂന്നുപേര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നെഞ്ചുരോഗ വിഭാഗത്തിലാണ്. ഇവരുടെ സാമ്പിളുകള്‍ ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. സംസ്ഥാനത്ത് മങ്കിപോക്സ് വൈറസ് ബാധിതരെ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആവശ്യമായ പരിശോധനാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വിദേശ രാജ്യങ്ങളില്‍ നിന്ന് മങ്കിപോക്സ് ലക്ഷണങ്ങളോടെ എത്തുന്നവരെ വിമാനത്താവളത്തിലെ പ്രാഥമിക പരിശോധനയിലൂടെ കണ്ടെത്തി ഐസൊലേഷന്‍ മുറിയിലേക്ക് മാറ്റും. തുടര്‍ന്ന് ആരോഗ്യവകുപ്പിന്‍റെ പരിശോധനയ്ക്ക് ശേഷം ആവശ്യമെങ്കില്‍ ആശുപത്രിയിലേക്ക് മാറ്റും. വിദേശത്ത് നിന്ന് എത്തുന്ന എല്ലാ യാത്രക്കാരെയും പനി പരിശോധനയ്ക്ക് വിധേയമാക്കും. സംശയമുള്ളവരോട് വിവരങ്ങള്‍ ചോദിക്കും. ജില്ലാ ആരോഗ്യവകുപ്പ് യോഗം ചേര്‍ന്ന് അടിയന്തരമായി സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്തു. അഡീഷണല്‍ ഡി.എം.ഒ ഡോ.എസ്.ശ്രീദേവി, ഡോ.വിനോദ് പൗലോസ്, ഡോ.സജിത്ത് ജോണ്‍, ഡോ.റാഫേല്‍ ടെഡി എന്നിവര്‍ സംസാരിച്ചു.