ന്യൂഡല്‍ഹി : ഇന്ത്യയില്‍ ആദ്യമായി മങ്കിപോക്സ് സ്ഥിരീകരിച്ചതോടെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വെള്ളിയാഴ്ച അന്താരാഷ്ട്ര യാത്രക്കാര്‍ക്കായി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ത്വക്കിലും ജനനേന്ദ്രിയത്തിലും മുറിവുകളുളളവരടക്കം രോഗികളുമായി അടുത്തിടപഴകുന്നത് ഒഴിവാക്കണം. ചത്തതോ ജീവിച്ചിരിക്കുന്നതോ ആയ വന്യജീവികളുമായി സമ്പര്‍ക്കം ഒഴിവാക്കണം. എലി, അണ്ണാന്‍, കുരങ്ങ് പോലുള്ളവ രോഗവാഹകരാണ്. വിദേശ സഞ്ചാരികളോട് കാട്ടുമൃഗങ്ങളുടെ മാംസം കഴിക്കുകയോ തയ്യാറാക്കുകയോ ചെയ്യരുതെന്നും മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.
യുഎഇയില്‍ നിന്ന് മടങ്ങിയെത്തിയ മലയാളിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആഫ്രിക്കയിലെ വന്യമൃഗങ്ങളില്‍ നിന്ന് നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങളും ക്രീമുകളും ഉപയോഗിക്കരുത്. രോഗബാധിതരായ ആളുകള്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍, കിടക്കകള്‍ അല്ലെങ്കില്‍ ആരോഗ്യ സംരക്ഷണ ക്രമീകരണങ്ങളില്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍, അതുപോലെ രോഗബാധിതരായ മൃഗങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന വസ്തുക്കള്‍ എന്നിവ ഉപയോഗിക്കുന്നത് ഒഴിവാക്കണം
പനി, ചുണങ്ങ് തുടങ്ങി കുരങ്ങുപനിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ പ്രത്യേകിച്ച് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശത്താണെങ്കില്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണം. പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് കേരളത്തില്‍നിന്ന് അയച്ച സാംപിളിലാണ് രോഗം കണ്ടെത്തിയത്. ജൂലൈ 12നാണ് കൊല്ലം ജില്ലയിലെ പ്രവാസി യുഎയില്‍നിന്ന് എത്തിയത്. രോഗലക്ഷണമുള്ള വ്യക്തിയുടെ സാംപിളുകളുടെ പരിശോധനയിലൂടെയാണ് ഇന്ത്യയിലെ ആദ്യത്തെ മങ്കിപോക്സ് സ്ഥിരീകരിച്ചതെന്ന് കേരള ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കേരളത്തിലെ കൊല്ലം ജില്ലയില്‍ നിന്നുള്ള പ്രവാസി ജൂലൈ 12 ന് യുഎഇയില്‍ നിന്ന് വിമാനത്താവളത്തില്‍ എത്തിയെന്നും അടുത്ത ബന്ധമുള്ളവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവനയില്‍ പറഞ്ഞു.