കൊച്ചി : മുറ്റം നിറയെ ആഢംബരക്കാറുകള്‍ നിരത്തിയത് യുസ്ഡ് ആഡംബരക്കാറുകള്‍ വില്‍ക്കുന്ന ത്യാഗരാജനെ പറ്റിച്ച്. കോടികള്‍ വിലമതിക്കുന്ന ഏഴ് ആഡംബര വാഹനങ്ങളാണ് ഇയാളെ കബളിപ്പിച്ച് മോന്‍സന്‍ മാവുങ്കല്‍ കൊച്ചിയിലെത്തിച്ചത്. ആകെ മുതല്‍ മുടക്കിയത് 500 രൂപ മാത്രം.
ആദ്യം വാങ്ങിയ റേഞ്ച് റോവറിന് 5 ലക്ഷം രൂപ നല്‍കി. ബംഗളൂരു കോര്‍പ്പറേഷന്‍ സര്‍ക്കിളില്‍ പഴയ ആഡംബരക്കാറുകളുടെ വില്‍പ്പന നടത്തുന്ന ത്യാഗരാജനെ പറ്റിച്ചാണ് ഈ വാഹനങ്ങള്‍ കൊച്ചിയിലെയും ചേര്‍ത്തലയിലെയും വീടുകളില്‍ നിരത്തിയത്. പണം വാങ്ങുന്നതിനും വാഹനങ്ങള്‍ തിരികെ കൊണ്ടു പോകുന്നതിനും 10 തവണ കൊച്ചിയില്‍ വന്നിട്ടും ത്യാഗരാജന് മോന്‍സനെ കാണാന്‍ പോലും സാധിച്ചില്ല. കാറുകള്‍ക്ക് എല്ലാം കൂടി രണ്ട് കോടി രൂപയോളം വിലവരുമെന്ന് ത്യാഗരാജന്‍ പറയുന്നു. ചേര്‍ത്തലയിലെ പോലീസ് സ്റ്റേഷനിലാണ് ഈ കാറുകളില്‍ ചിലതുള്ളത്.
റേഞ്ച് റോവര്‍ വാങ്ങാനാണ് മോന്‍സന്‍ ആദ്യം ബംഗളൂരു കോര്പ്പറേഷന്‍ സര്‍ക്കിളിലുള്ള ത്യാഗരാജന്റെ ഗാരേജില്‍ എത്തിയത്. 5 ലക്ഷം നല്‍കി ഇത് വാങ്ങി. പിന്നെയാണ് പറ്റിപ്പിന്റെ മോന്‍സന്‍ തന്ത്രങ്ങള്‍ പുറത്തെടുത്തത്. സ്ഥിരം കഥാപ്രസംഗം തന്നെ അവതരിപ്പിച്ചു. വിദേശത്ത് നിന്ന് കോടിക്കണക്കിന് രൂപ വരാനുണ്ടെന്ന് പറഞ്ഞതില്‍ ത്യാഗരാജനും വീണു. വെറും 500 രൂപ മാത്രം പിന്നീട് നല്‍കി ഒന്നിനു പുറകേ ഒന്നായി ഏഴു കാറുകള്‍ കൊച്ചിയിലേക്ക് കൊണ്ടുവന്നു.