കൊച്ചി : പുരാവസ്തു-സാമ്പത്തിക തട്ടിപ്പിലൂടെ ലഭിച്ച പണം കേരള പോലീസിന്റെ വിവിധ പരിപാടികള്‍ക്ക് നല്‍കിയെന്ന് മോന്‍സന്റെ മൊഴി. തട്ടിപ്പിലൂടെ നേടിയതായി സംശയിക്കുന്ന പണം എന്തുചെയ്തുവെന്ന് ചോദ്യത്തിനാണ് ലക്ഷങ്ങള്‍ മുടക്കി താന്‍ സ്‌പോണ്‍സര്‍ ചെയ്ത വിവിധ പരിപാടികളുടെ ലിസ്റ്റ് മോന്‍സന്‍ നിരത്തിയത്.
മോന്‍സന്റെ വെളിപ്പെടുത്തല്‍ കേരള പോലീസിന് തലവേദനയായിരിക്കുകയാണ്. പോലീസ് ഉദ്യോഗസ്ഥരുടെയും മതനേതാക്കളുടെയും ശുപാര്‍ശ അനുസരിച്ചു താന്‍ ചെയ്ത കോടികളുടെ ചാരിറ്റി പരിപാടികളുടെ വിശദാംശങ്ങളും മോന്‍സന്‍ അന്വേഷണ സംഘത്തിനു നല്‍കി.
എന്നാല്‍ ഇതിന്റെ വസ്തുത അന്വേഷിക്കണമെങ്കില്‍ പോലീസിലെ ഉന്നത ഉദ്യോഗസ്ഥരുടേയും മതനേതാക്കളുടേയും മൊഴികള്‍ രേഖപ്പെടുത്തേണ്ടിയതായി വരും. കൂടാതെ അവ കുറ്റപത്രത്തിനൊപ്പം കോടതിയിലും സമര്‍പ്പിക്കണം. വന്‍ തുക മുടക്കി മോന്‍സന്‍ സ്‌പോണ്‍സര്‍ ചെയ്ത ഇത്തരം പരിപാടികളുടെ രേഖകളും മോന്‍സന്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ട്.
രേഖകളുള്ളതായി മോന്‍സന്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. മോന്‍സന്റെ പക്കലുള്ള രേഖ കോടതില്‍ സമര്‍പ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ സാഹചര്യത്തില്‍ സ്വന്തം മേലുദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തേണ്ടിവരുമല്ലോയെന്ന ധര്‍മ്മ സങ്കടത്തിലാണ് അന്വേഷണസംഘം.