തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ വീണ്ടും ചർച്ചയായി മാസപ്പടി കേസ്. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സാധ്യത തെളിയുന്നു. വിഷയത്തിൽ പ്രാഥമിക പരിശോധന നടത്താനാണ് നിലവിൽ വിജിലൻസിന്റെ നീക്കം. മാസപ്പടി കേസിൽ ഉയർന്നുവന്നിട്ടുള്ള ആരോപണങ്ങൾ അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്നതാണ്. അതിനാൽ ഈ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് സംസ്ഥാന വിജിലൻസാണ് അന്വേഷിക്കേണ്ടതെന്നാണ് ചട്ടം. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രാഥമിക അന്വേഷണം നടത്തി തെളിവുകൾ ശേഖരിക്കാൻ വിജിലൻസ് ആലോചിക്കുന്നത്. പ്രാഥമിക പരിശോധനയിൽ കൃത്യമായ തെളിവുകൾ ലഭിക്കുകയാണെങ്കിൽ ഔദ്യോഗികമായി എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കും.
സ്വകാര്യ കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്ന് മകൾ വീണ വഴി പിണറായി വിജയൻ 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് ഇഡിയുടെ പ്രധാന കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ആവശ്യമായ നിർണായക തെളിവുകൾ ഉൾപ്പെടെ സംസ്ഥാന ഏജൻസിക്ക് കൈമാറിയിട്ടുണ്ടെന്നാണ് ഇഡി വ്യക്തമാക്കുന്നത്. കേന്ദ്ര ഏജൻസിയുടെ ഈ റിപ്പോർട്ടുകളുടെയും നൽകിയ തെളിവുകളുടെയും അടിസ്ഥാനത്തിലാകും വിജിലൻസിന്റെ തുടർനടപടികൾ.






























