മല്ലപ്പള്ളി : നവീകരണ പ്രവർത്തികൾ നിലച്ച് നാലുമാസം പിന്നിടുന്ന തടിയൂർ – വാളക്കുഴി – നാരകത്താനി റോഡിൽക്കൂടിയുള്ള യാത്ര ദുരിതമാകുന്നു. പ്രധാനമന്ത്രി ഗ്രാമീണപാത യോജന പദ്ധതിയിൽ (പി.എം.ജി.എസ്.വൈ) 2021 മാർച്ചിൽ 5.65 കിലോമീറ്റർ ദൂരപരിധിയിലെ നിർമ്മാണത്തിനായി 3.81 കോടി രൂപ അനുവദിച്ച റോഡാണ് ഈ ദുരവസ്ഥ നേരിടുന്നത്. നാരകത്താനി ആര്യങ്കുളം ബസ് കാത്തിരിപ്പ് കേന്ദ്രത്തിനും കറുത്തമാങ്കൽ മാർത്തോമ്മാ പള്ളിഭാഗത്തിനും ഇടയിലായി 250മീറ്റർ ദൂരത്തിൽ റോഡിന്റെ റീടാറിഗും മഴവെള്ളം ഒഴുകി പോകുന്നതിന് റോഡിന് കുറുകെ നിർമ്മിച്ച ചപ്പാത്തുകളുടെ ഐറിഷ് ജോലികളുമാണ് നവീകരണത്തിന്റെ ബാക്കിയായി അവശേഷിക്കുന്നത്. ആറ് ഇടങ്ങളിൽ ചപ്പാത്തിന്റെ ഒരു ഭാഗത്തു മാത്രമാണ് കോൺക്രീറ്റ് ചെയ്തിരിക്കുന്നത്.
മറുഭാഗം താഴ്ന്നു കിടക്കുന്നതിനാൽ വാഹനങ്ങൾ അപകടത്തിൽ പെടാനുള്ള സാദ്ധ്യതയും ഏറെയാണ്. 2024 ഫെബ്രുവരി ആദ്യ ആഴ്ചയിൽ രണ്ടാംഘട്ട നവീകരണം ആരംഭിച്ചപ്പോൾ ആഴ്ചകൾക്കുള്ളിൽ പദ്ധതി പൂർത്തീകരിക്കുമെന്നായിരുന്നു അധികൃതർ അറിയിച്ചിരുന്നത്. ജൽജിവൻ പദ്ധതിയുടെ പൈപ്പുകൾ സ്ഥാപിക്കാൻ വൈകിയതിനാലാണ് റോഡിന്റെ നവീകരണ പ്രവർത്തികൾ നിറുത്തിവെച്ചതെങ്കിലും ഇത്തരം പണികൾ പൂർത്തീകരിച്ചിട്ടും ടാറിംഗ് നടക്കാതിരിക്കുന്നത് വാഹന യാത്രക്കാരെ ദുരിതത്തിലാക്കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.
ആര്യങ്കുളം മുതൽ കറുത്തമാങ്കൽ മാർത്തോമ്മാ പള്ളിക്കു സമീപത്തുവരെ ടാറിംഗിന്റെ ആദ്യഘട്ട പ്രവർത്തികളെ നടത്തിയിട്ടുള്ളൂ. മെറ്റൽ ഇളകി നിരന്നതിനാൽ ഇരുചക്ര വാഹന യാത്രികരാണ് ഏറെയും അപകടത്തിൽപ്പെടുന്നത്. റോഡിന്റെ മറ്റിടങ്ങളിൽ ടാറിംഗ് നടത്തിയിട്ടുള്ളതിനാൽ വേഗത്തിൽ എത്തുന്ന വാഹനങ്ങളാണ് കെണിയിൽപെടുന്നത്. ചപ്പാത്തിന്റെ താഴ്ചയിൽ കിടക്കുന്ന ഭാഗങ്ങളിൽ മുന്നറിയിപ്പ് ബോർഡോ സുരക്ഷാ വേലിയോ സ്ഥാപിച്ചിട്ടില്ലാത്തതും ദുരന്തത്തിന് കാരണമാകാം. റോഡിന്റെ നിർമ്മാണ പ്രവർത്തികൾ പൂർത്തിയാക്കുന്നതിന് അധികൃതർ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.