പത്തനംതിട്ട: സഹോദരനും സുഹൃത്തുക്കള്‍ക്കുമൊപ്പം വഴിയരികില്‍ നിന്ന പെണ്‍കുട്ടിക്ക് നേരെ സദാചാര ഗുണ്ടായിസം. പത്തനംതിട്ട വാഴമുട്ടത്താണ് സംഭവം. തന്നെ അസഭ്യം പറഞ്ഞവരോട് പെണ്‍കുട്ടി ധൈര്യമായി പ്രതികരിക്കുകയും സംഭവം സമൂഹമാധ്യമത്തില്‍ പങ്കുവെക്കുകയും ചെയ്തു. മദ്യപിച്ച് ഓട്ടോറിക്ഷയില്‍ വന്ന രണ്ട് പേരാണ് പെണ്‍കുട്ടിയുമായി വഴക്കുണ്ടാക്കിയത്. തുടര്‍ന്ന് നാട്ടുകാര്‍ എത്തി വഴുക്കുണ്ടാക്കിയവരെ നേരിടുകയായിരുന്നു. സമൂഹമാധ്യമത്തിലെ പല ഗ്രൂപ്പുകളിലും ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
‘റോഡ് സൈഡില്‍ ഞാന്‍ ഒരു പെണ്‍കുട്ടിയും മൂന്ന് ആണ്‍കുട്ടികളും നില്‍ക്കുന്നതിന്റെ പ്രശ്‌നമാണോ എന്ന് അറിയില്ല. രണ്ട് പേര്‍ മദ്യപിച്ച് വന്ന് അസഭ്യമായ ഭാഷയില്‍ വന്ന് സംസാരിച്ചു. മദ്യപിച്ചത് കൊണ്ട് ഞാന്‍ ഒന്നും പ്രതികരിക്കാന്‍ പോയില്ല. പക്ഷെ അവര്‍ എംഎല്‍എയെ വിളിക്കും നിങ്ങളാരാണ് ഇവിടെ നില്‍ക്കാന്‍ എന്നൊക്കെ പറഞ്ഞു. നമ്മള്‍ ഒരുപാട് നേരം മിണ്ടാതിരുന്നു.
പിന്നെയും പറയാന്‍ തുടങ്ങിയപ്പോള്‍ പ്രതികരിച്ചു. ഇങ്ങനെ കൊറേ സദാചാരക്കാരുണ്ട്. എന്റെ സ്വന്തം ആങ്ങളയാണ് ഈ നില്‍ക്കുന്നത്. ബാക്കിയുള്ളവരും അതുപോലെ തന്നെ. വീട്ടില്‍ പറഞ്ഞിട്ടാണ് വന്നിരിക്കുന്നത്. അതുകൊണ്ട് നമുക്ക് പേടിക്കേണ്ട കാര്യമില്ല. അവര്‍ മദ്യപിച്ചാണ് വണ്ടി ഓടിക്കുന്നത്. ഞങ്ങള്‍ റോഡ് സൈഡിലാണ് നില്‍ക്കുന്നത്. അവര്‍ക്ക് നമ്മളെ പറയാനുള്ള യാതൊരു അവകാശവുമില്ല.
പിന്നെ എന്നെ അവര്‍ വളരെ മോശമായ രീതിയില്‍ തെറി പറഞ്ഞു. ഈ സദാചാരക്കാര്‍ക്ക് ആണും പെണ്ണും കൂടെ നിന്നാല്‍ അവിഹിതമാണെന്നാണ് വിചാരം. പക്ഷെ ഇപ്പോഴത്തെ പിള്ളേരോട് ചൊറിയാന്‍ വന്നാല്‍ നല്ല മറുപടി കിട്ടും. നമ്മള്‍ മിണ്ടാതെ എല്ലാം കേള്‍ക്കും എന്ന് കരുതണ്ട.’ പെണ്‍കുട്ടി സോഷ്യല്‍ മീഡിയയിലൂടെ തന്റെ രോഷം പങ്കുവെച്ചു.