കൊച്ചി : പോപ്പുലര്‍ ഫിനാന്‍സിനെ കണ്ടുപടിച്ച് കൂടുതല്‍പ്പേര്‍ തട്ടിപ്പിന് ഒരുങ്ങുന്നു. ജയിലില്‍ പോയാലും വേണ്ടില്ല കോടികള്‍ സ്വന്തമാക്കാം എന്നാണ് ഇവരുടെ കണക്കുകൂട്ടല്‍. 2020 ഓഗസ്റ്റിലാണ് കോന്നി വകയാര്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന പോപ്പുലര്‍ ഫിനാന്‍സ് പൂട്ടിയത്. 2012 മുതല്‍ നടത്തിയ മുന്നൊരുക്കത്തിന്റെ ഭാഗമായിരുന്നു ഇത്. നിക്ഷേപങ്ങള്‍ ഇതിനോടകം ഓസ്ട്രേലിയ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലേക്ക് കടത്തിയിരുന്നു. ഉടമകള്‍ കുടുംബമായി ഓസ്ട്രേലിയയിലേക്ക് കടക്കാനായിരുന്നു പദ്ധതി. എന്നാല്‍ വാര്‍ത്ത പുറത്തായതോടെ പദ്ധതി പൊളിയുകയായിരുന്നു. മൂന്നു കേന്ദ്ര ഏജന്‍സികള്‍ ഇപ്പോള്‍ അന്വേഷണം നടത്തുന്നുണ്ടെങ്കിലും കേസ് ഒന്നുമായില്ല. പ്രതികള്‍ അറസ്റ്റില്‍ ആയെങ്കിലും കുറച്ചുനാള്‍ മാത്രമേ ജയിലില്‍ കിടക്കേണ്ടതായി വന്നുള്ളൂ. എല്ലാ പ്രതികളും ഇപ്പോള്‍ ഏറണാകുളത്ത് സുഖജീവിതം നയിക്കുകയാണ്. കോടിക്കണക്കിന് രൂപാ ഇപ്പോഴും ഇവരുടെ കയ്യില്‍ സുരക്ഷിതമായി ഉണ്ടെന്നാണ് വിവരം. ഇത് അന്വേഷണം നടത്തി വീണ്ടെടുക്കാനുള്ള നടപടികള്‍ എങ്ങുമായില്ല. കേസ് നടത്തിപ്പിനുവേണ്ടി കോടികളാണ് ചെലവഴിക്കുന്നത്.
ഏതാണ്ട് ഇതേ പാതയില്‍ത്തന്നെ കേരളത്തിലെ നിരവധി സ്വകാര്യ ധനകാര്യസ്ഥാപനങ്ങള്‍ അടുത്തിടെ പൂട്ടിയിട്ടുണ്ട്. നിക്ഷേപകരുടെ ആയിരക്കണക്കിന് കോടി രൂപയാണ് സ്വകാര്യ ധനകാര്യ സ്ഥാപന ഉടമകള്‍ തട്ടിയെടുത്തത്. കേരള ഹൌസിംഗ് ഫിനാന്‍സ് ലിമിറ്റഡ് (തിരുവനന്തപുരം), സേഫ് ആന്റ് സ്ട്രോങ്ങ് നിധി ലിമിറ്റഡ് (തൃശ്ശൂര്‍), തറയില്‍ ഫിനാന്‍സ് (ഓമല്ലൂര്‍, പത്തനംതിട്ട), അര്‍ബന്‍ നിധി ലിമിറ്റഡ് (കണ്ണൂര്‍), പി.ആര്‍.ഡി മിനി നിധി ലിമിറ്റഡ് (കുറിയന്നൂര്‍), കേച്ചേരി ചിട്ടി ഫണ്ട് (പുനലൂര്‍), എച്ച്.ഡി.ബി നിധി ലിമിറ്റഡ് (ചെര്‍പ്പുളശ്ശേരി – പാലക്കാട്), പൂരം ഫിന്‍സേവ് പ്രൈവറ്റ് ലിമിറ്റഡ് (തൃശ്ശൂര്‍), ക്രിസ്റ്റല്‍ ഫിനാന്‍സ് (തൊടുപുഴ), ജിബിജി നിധി ലിമിറ്റഡ് (കാസര്‍ഗോഡ്) എന്നിവ ഇവയില്‍ ചിലത് മാത്രമാണ്. കൂടാതെ ഷെയര്‍ മേഖലയിലും സഹകരണ മേഖലയിലും തട്ടിപ്പ് നടന്നിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പുകാരുടെ പറുദീസയായി കേരളം മാറിക്കഴിഞ്ഞു എന്നുവേണം പറയാന്‍.
തട്ടിപ്പ് നടത്തിയാലും രക്ഷപെടാന്‍ നിരവധി പഴുതുകള്‍ ഉണ്ടെന്ന് വ്യക്തമായി മനസ്സിലാക്കിയതോടെയാണ് കൂടുതല്‍പ്പേര്‍ ഈ വഴി തെരഞ്ഞെടുക്കുന്നത്. രാഷ്ട്രീയക്കാരോ ജനപ്രതിനിധികളോ തങ്ങള്‍ക്ക് എതിരാകില്ലെന്നും ഇവര്‍ക്കറിയാം. നിക്ഷേപകരുടെ പ്രതിഷേധങ്ങള്‍ കുറച്ചുകഴിയുമ്പോള്‍ നിലക്കും. പിന്നെ കേസുകള്‍ മാത്രമാണ് നിലനില്‍ക്കുന്നത്. കയ്യില്‍ പണം ഉണ്ടെങ്കില്‍ പ്രഗല്‍ഭരായ അഭിഭാഷകരെക്കൊണ്ട് കേസ് നടത്തി രക്ഷപെടുകയും ചെയ്യാം. എല്ലാത്തിനും മുന്നൊരുക്കം വേണമെന്ന് മാത്രം. പോപ്പുലര്‍ റോയിക്ക് പറ്റിയ അബദ്ധം തങ്ങള്‍ക്ക് ഉണ്ടാകാതെ നോക്കുകയാണ് ലക്‌ഷ്യം. അഭിഭാഷകരുമായും ചാര്‍ട്ടേഡ് അക്കൌണ്ടന്റ് മാരുമായും രഹസ്യ കൂടിയാലോചനകളും നടക്കുന്നുണ്ട്. തങ്ങളുടെ ഏറ്റവും വേണ്ടപ്പെട്ട ഒരാള്‍ക്കുവേണ്ടിയാണ് ചര്‍ച്ചകള്‍ എന്നാണ് ഇവര്‍ ധരിപ്പിച്ചിട്ടുള്ളത്. തട്ടിപ്പിന് ഇരയായ നിക്ഷേപകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍ കാര്യമായി ഒന്നും ചെയ്യുന്നില്ലെന്നതും പ്രത്യേകതയാണ്.