കോട്ടയം : ജില്ലയില്‍ 33 പ്രദേശങ്ങളില്‍ മണ്ണിടിച്ചിലിന് സാധ്യതയെന്ന് മുന്നറിയിപ്പ്. കൂട്ടിക്കല്‍, തലനാട്, തീക്കോയി വില്ലേജുകളിലാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ ശക്തമായ മഴ തുടരാനുള്ള സാധ്യത കണക്കിലെടുത്താണ് മുന്നറിയിപ്പ്. ജനങ്ങളോട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കൂട്ടിക്കലില്‍ പതിനൊന്ന് പ്രദേശങ്ങളിലാണ് മണ്ണിടിച്ചിലിന് സാധ്യത. തീക്കോയില്‍ എട്ട് ഇടത്തും തലനാടില്‍ ഏഴ് ഇടത്തുമാണ് അപകട സാധ്യത. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാന്‍ തയ്യാറാകാത്തവരെ നിര്‍ബന്ധപൂര്‍വം മാറ്റാനാണ് തീരുമാനം. മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ മണ്ണിടിച്ചില്‍ ഉള്‍പ്പെടെ നേരിടാന്‍ ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് റവന്യു മന്ത്രി കെ. രാജന്‍ പറഞ്ഞു.